കോഴിക്കോട്> പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് ഭാര്യ ആശയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയതിനും സിപിഐ എമ്മിന് കുറ്റംചാർത്തി കെ എം ഷാജി. സിപിഐ എം കേന്ദ്ര ഏജൻസിയെ കൂട്ടുപിടിച്ച് നടത്തുന്ന വേട്ടയെന്നാണ് ഇഡി നടപടിയെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാജി വിശേഷിപ്പിച്ചത്.
പിണറായി വിജയന്റെ വിജിലൻസ് അന്വേഷിച്ച്, ആരോപണത്തിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് തള്ളിയ പരാതി പൊടിതട്ടിയെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റിന് കൈമാറിയത് തിരക്കഥയുടെ ഭാഗമാണ്. സ്വത്ത് കണ്ടുകെട്ടാൻ ശ്രമിച്ചവർക്ക് നിരാശരാകേണ്ടിവരും. പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനായില്ല.
ഇതോടെ കോഴിക്കോട്ട് വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയ വീടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും ഷാജി വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.