തിരുവനന്തപുരം
തദ്ദേശവകുപ്പിൽ ശക്തമായ വിജിലൻസ് സംവിധാനം വേണമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സ്വരാജ് ഭവനിലെ സ്വരാജ് ഹാൾ ഉദ്ഘാടനവും എൻജിനിയറിങ് വിഭാഗത്തിൽ ഇഎം ബുക്ക് സംവിധാനത്തിനുള്ള ടാബ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. പരാതിയുള്ള ഫയൽ വകുപ്പിന്റെ തലപ്പത്ത് പരിശോധിക്കുന്ന രീതിവരും. ശാസ്ത്ര സാങ്കേതിക വിദ്യ ഫലപ്രദമായി വിന്യസിപ്പിച്ച് മുന്നേറുമ്പോൾ നേട്ടം സാധാരണക്കാരനും ലഭ്യമാകണം. അഞ്ച് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയെന്നതാണ് സർക്കാർ നയം. ഒരു ലക്ഷം സംരംഭകരെ ഒരു മാസത്തിനകം കണ്ടെത്തും. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്.
അപേക്ഷയുമായെത്തുന്നവരെ സാങ്കേതികത പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്. പോരായ്മ പരിഹരിച്ച് സേവനം നൽകണം. ശമ്പളം വാങ്ങുന്നവർക്ക് ജനങ്ങളെ സേവിക്കാൻ ഉത്തരവാദിത്വമുണ്ട്. ജനം ആഗ്രഹിക്കുന്ന രീതിയിൽ സേവനം നൽകാനാവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശവകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, ചീഫ് ടൗൺ പ്ലാനർ സി പി പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. തദ്ദേശവകുപ്പ് ഡയറക്ടർ ഡി ബാലമുരളി സ്വാഗതവും ചീഫ് എൻജിനിയർ കെ ജോൺസൻ നന്ദിയും പറഞ്ഞു.
അളവറിയാം കിറുകൃത്യം
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി സുതാര്യമാക്കാനുള്ള പുതിയ സംവിധാനമാണ് ഇഎം ബുക്ക്. സൈറ്റിൽനിന്നുതന്നെ അളവ് സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്യാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് പ്രൈസ് ത്രീ സോഫ്റ്റ്വെയറിന്റെ ഭാഗമായി ഇത് സജ്ജമാക്കിയത്. ഒരു സൈറ്റിലെ നിർമാണം നടന്ന ഭാഗത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം ടാബ്ലറ്റിലൂടെ ഇഎം ബുക്കിലെത്തും. പുസ്തകത്തിൽനിന്ന് ഓൺലൈനിലേക്കുള്ള മാറ്റം പരാതിയും അഴിമതിസാധ്യതയും ഇല്ലാതാക്കും. ബിൽ സമയബന്ധിതമായി തയ്യാറാക്കാനും സംവിധാനമുണ്ട്. അടുത്ത ഘട്ടത്തിൽ ട്രഷറി പേമെന്റ് എളുപ്പത്തിലാക്കുന്നതും ആലോചനയിലുണ്ട്. പദ്ധതിയുടെ ഭാഗമായി ആറ് ജില്ലയിലെ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർക്കാണ് ടാബ് നൽകിയത്.