കൊച്ചി
കോടതികൾ എല്ലാവരുടെയും സംരക്ഷകരായിരിക്കണമെന്നും അധ്വാനിക്കുന്ന തൊഴിലാളികളുടെ വികാരം കണക്കിലെടുക്കണമെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അവകാശം നിഷേധിക്കുന്ന വിധിക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഭരണഘടന അവകാശങ്ങൾ ഉറപ്പാക്കാനുള്ള വേദിയാണ് കോടതികൾ. അതിന് വിരുദ്ധമായി കോടതികൾ അഭിപ്രായം പറഞ്ഞാൽ യോജിക്കാനാകില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ ഹൈക്കോടതിയിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് എളമരം പറഞ്ഞു.
അടുത്തകാലത്തായി തൊഴിലാളികൾക്കെതിരെ വിധി പറയാൻ കോടതി പ്രത്യേക താൽപ്പര്യം കാണിക്കുന്നു. പലതിലും തൊഴിലാളികളുടെയോ സംഘടനകളുടെയോ അഭിപ്രായം ചോദിക്കുന്നില്ല. മാർച്ച് 28, 29ലെ പണിമുടക്കിന് 14 ദിവസംമുമ്പ് എല്ലാ കമ്പനികളിലും നോട്ടീസ് നൽകി. എന്നാൽ, പണിമുടക്കിന് തലേന്നാണ് ബിപിസിഎൽ കമ്പനി മാനേജ്മെന്റ് കോടതിയിൽ പോയത്.
തൊഴിൽത്തർക്കം ചർച്ചയിലിരിക്കെ പണിമുടക്കാൻ പാടില്ലെന്ന കമ്പനി വാദം കോടതി അംഗീകരിച്ചു. കമ്പനിയെ മാത്രം മുഖവിലയ്ക്കെടുത്ത് വിധി പറയുന്നത് വിചിത്രമാണ്. പണിമുടക്കിയ തൊഴിലാളികളുടെ വേതനം പിടിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ഇത് നടപ്പാക്കിയാൽ പ്രക്ഷോഭമുണ്ടാകും. പണിമുടക്കിന്റെ മുദ്രാവാക്യങ്ങൾ ഒരുവരിപോലും പ്രസിദ്ധീകരിക്കാത്ത മാധ്യമങ്ങൾ കേരളത്തിൽ മാത്രമാണ് പണിമുടക്കെന്ന് കള്ളം പ്രചരിപ്പിച്ചു. എന്നാൽ, രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കിൽ വൻകിട സ്വകാര്യ കമ്പനികളിലടക്കം 90 ശതമാനംപേരും പണിമുടക്കി. മാധ്യമങ്ങളുടെ ഇത്തരം സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും എളമരം കരീം പറഞ്ഞു.