തിരുവനന്തപുരം
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സഞ്ചരിക്കുന്ന ആറ് ഭക്ഷ്യപരിശോധനാ ലബോറട്ടറി കൂടി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. ഇവയെ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ ജിപിഎസ് വഴി നിരീക്ഷിക്കും. അതത് ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും ചുമതലയുണ്ടകും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് ലക്ഷ്യം.
രാവിലെ ഒമ്പതരമുതൽ വൈകിട്ട് അഞ്ചരവരെയാണ് പ്രവർത്തനം. എന്തെല്ലാം പരിശോധന, സമയം എന്നിവ വാഹനത്തിലെ ബോർഡിൽ രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ കമീഷണർ വി ആർ വിനോദ്, എഫ്എസ്എസ്എഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജസ്റ്റോ ജോർജ്, കൗൺസിലർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.