റിയാദ്
ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് മുംബൈ സിറ്റി എഫ്സി. എഎഫ്സി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി. ഏഴുവട്ടം ഇറാഖ് ലീഗ് കിരീടം ചൂടിയ എയർ ഫോഴ്സ് ക്ലബ്ബിനെ (അൽ ഖുവ അൽ ജാവിയ) 2–-1ന് തോൽപ്പിച്ചു.
പിന്നിട്ടുനിന്നശേഷം ദ്യേഗോ മൗറീഷ്യോ, രാഹുൽ ബെക്കെ എന്നിവരുടെ ഗോളിലാണ് ജയം പിടിച്ചത്. ഹമീദി അഹമ്മദാണ് എയർ ഫോഴ്സിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ബിയിൽ ആദ്യ കളിയിൽ സൗദി അറേബ്യൻ ടീം അൽ ഷഹാബ് എഫ്സിയോട് തോറ്റ മുംബൈ മൂന്ന് പോയിന്റുമായി രണ്ടാമതുണ്ട്.
റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതി ഗോളകന്നു. ഇടവേളയ്ക്കുപിന്നാലെ പകരക്കാരനായെത്തിയ ഹമീദി എയർ ഫോഴ്സിനെ മുന്നിലെത്തിച്ചു. 70–-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് മുംബൈ സമനില പിടിച്ചത്. മൗറീഷ്യോയെ അലി ഖാദിം ബോക്സിൽ വീഴ്ത്തി. കിക്കെടുത്ത മൗറീഷ്യോക്ക് തെറ്റിയില്ല. അഞ്ച് മിനിറ്റിനുള്ളിൽ ചരിത്രജയം ഉറപ്പിച്ചു മുംബൈ. അഹമ്മദ് ജാഹു തൊടുത്ത കോർണറിൽനിന്ന് ബെക്കെയുടെ മിന്നൽ ഹെഡ്ഡർ വലകയറി. ലീഗിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഗോളുമായി ഇത്.
നാളെ യുഎഇ ക്ലബ് അൽ ജസീറയുമായാണ് മുംബൈയുടെ അടുത്ത കളി.