കോട്ടയം> കോട്ടയത്ത് റെയിൽവേട്രാക്കിൽ മണ്ണിടിഞ്ഞ് വീണതിനെതുടർന്ന് മുക്കാൽ മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം സ്റ്റേഷന് അരക്കിലോമീറ്റർ തെക്ക് ഭാഗത്താണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. തിങ്കൾ വൈകിട്ട് 6.45നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് കേരള എക്സ്പ്രസ് കടന്നുപോയ പിന്നാലെയാണ് തെക്ക് ഭാഗത്തേക്കുള്ള വഴിയിൽ രണ്ടാമത്തെ ടണലിന് സമീപം ഉയരത്തിലുള്ള മൺതിട്ടയുടെ ഭാഗങ്ങൾ ഇടിഞ്ഞ് പാളത്തിലേക്ക് പതിച്ചത്. സമീപമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്. ഉടൻ അധികൃതരെ അറിയിച്ച് മറ്റ് തൊഴിലാളികളെകൂട്ടി മണ്ണ് നീക്കി.
ഈ സമയം സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസ് അവിടെ പിടിച്ചിട്ടു. ചെന്നൈ സൂപ്പർ തിരുവല്ലയിലും തിരുവനന്തപുരം –- സിൽച്ചാർ എക്സ്പ്രസ് ചങ്ങനാശേരിയിലും പിടിച്ചിട്ടു. ട്രാക്കിലെ മണ്ണ് നീക്കിയശേഷം വേണാട് 7.45നാണ് സ്റ്റേഷൻ വിട്ടത്. പിടിച്ചിട്ട മറ്റ് ട്രെയിനുകളും മുക്കാൽ മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.