തന്റെ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമർത്തലുകൾക്കും മുതലാളിത്ത ചൂഷണങ്ങൾക്കുമെതിരെ നിരന്തരം കലഹിച്ച സഫ്‌ദർ ഹാഷ്‌മി 1954 ഏപ്രിൽ 12ന് ദില്ലിയിൽ ജനിച്ചു. സിപിഐ പ്രവർത്തകനായിരുന്ന ഹനീഫ് ഹാഷ്‌മിയുടെയും സ്‌കൂൾ അധ്യാപികയായിരുന്ന ഖമർ ആസാദ് ഹാഷ്മിയുടെയും നാലാമത്തെ പുത്രനായാണ് സഫ്‌ദറിന്റെ ജനനം.
“നിന്റെ പേരും, നിന്റെ പ്രവർത്തികളും, ജനങ്ങളോട് നീ കാണിച്ച പ്രതിബദ്ധതയും ഒരിക്കലും വിസ്മൃതിയിലേക്ക് മറയപ്പെടില്ല. അന്ന് നീ കാണിച്ച നിർഭയത്വവും ഇന്ന് ഒരുപാട് കരങ്ങൾക്ക് ബലമേൽകുന്നു. നിന്റെ സ്നേഹത്താൽ ആവരണം ചെയ്യപ്പെടുന്നത് കൊണ്ട് ഇപ്പോഴും എപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ കൈവിടാനാവില്ല. നിന്റെ ഭൗതിക സാന്നിധ്യം ഞങ്ങളിൽ നിന്നകന്നെങ്കിലും നിന്റെ തമാശകളും ചിരിയും പാട്ടുകളും ഞങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്നുയരും. വിപ്ലവത്തിലേക്കുള്ള പുതിയ പാതകളെ നേരിടുമ്പോൾ അവ ഞങ്ങൾക്ക് താങ്ങും തണലുംമേൽകും. പ്രിയ സഖാവേ നിനക്ക് വിട.”
മകന്റെ രക്തസാക്ഷിത്വം നേരിടേണ്ടിവന്ന ഒരമ്മയിൽ നിന്നുമുതിർന്ന വാക്കുകളാണിത്. തന്റെ മകന്റെ ജീവിതവും ജീവിതത്തിൽ അവനുയർത്തി പിടിച്ച മാനവികതയും ദർശനങ്ങളും എന്തിന് അവന്റെ രക്തസാക്ഷിത്വം പോലും എത്രമാത്രം സാമൂഹികപ്രതിബദ്ധത പുലർത്തിയിരുന്നു എന്നാണ് ഈ വാക്കുകൾ അടിവരയിടുന്നത്. ‘അമ്മക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ, നന്മയ്ക്ക് കണ്ണും കരുത്തുമാകുന്നവൻ” എന്ന മുരുകൻ കാട്ടാക്കടയുടെ ശക്തമായ വരിയെ പോലും ചൂളിപ്പിക്കുന്ന തരത്തിൽ അചഞ്ചലമായ നിശ്ചയദാർഢ്യം നിങ്ങൾക്കീ വാക്കുകളിൽ ദർശിക്കാനാകും. മാക്സിം ഗോർക്കിയുടെ വിഖ്യാതമായ ‘അമ്മ’ എന്ന നോവലിൽ മകൻ പാവേൽ വ്ലാസോവ് മുന്നോട്ടുവെച്ച വിശ്വ മാനവദർശനങ്ങളിലൂടെ ഒരു വിപ്ലവ സമൂഹത്തിന്റെ മുഴുവൻ അമ്മയായി മാറുന്ന നിലോവ്ന വ്ലാസോവിന്റെ ദൃഢനിശ്ചയ ഭാവവും ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത് കാണാം. നിലോവ്ന വ്ലാസോവിൽ നിന്നും കനൽ ഹസ്തമേറ്റുവാങ്ങി വിപ്ലവത്തിന്റെ അഗ്നിനാളങ്ങൾ തലമുറകളിലേക്ക് പകർന്നു കൊടുത്ത ഒരുപാടമ്മമാരിൽ ഒരുവളാണ് ഈ അമ്മയും. മകന്റെ രക്തസാക്ഷിത്വത്തിൽ പോലും മാതൃ ദുഃഖത്തിനുമേൽ സാമൂഹിക ദുഃഖങ്ങൾക്ക് സ്ഥാനം നൽകിയ ഈ അമ്മയുടെ പേര് ഖമർ ആസാദ് ഹാഷ്‌മി എന്നും അമ്മയുടെ മാതൃത്വവാത്സല്യത്തിൽ പോലും വിപ്ലവമാനങ്ങൾ ഏറ്റുവാങ്ങപെട്ട മകന്റെ പേര് സഫ്‌ദർ ഹാഷ്‌മി എന്നുമാണ്.
Photo Credit: Studio safdar
1989ലെ പുതുവത്സരദിനം. രാജ്യതലസ്ഥാനത്തിന്റെ അതിർത്തി ഗ്രാമങ്ങളിലൊന്നായ ജന്തപൂരിലും അന്തരീക്ഷം തണുത്തുറഞ്ഞു നിന്നു. ശൈത്യകാലത്ത് ജന്താപൂരിനെ വലയം വെക്കുന്ന മഞ്ഞുപാളികൾ സൂര്യ രശ്മികൾക്ക് തടസ്സമായി വായുവിൽ പരന്നു. ഈ ശൈത്യാന്തരീക്ഷത്തിൽ ചൂട് കായാനെന്നോണം ഗാസിയാബാദ് മുനിസിപ്പൽ ഇലക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തീ പിടിക്കുന്നുണ്ടായിരുന്നു. സിഐടിയുനേതാവും സിപിഐഎം പ്രവർത്തകനുമായ രാമാനന്ദ് ജായുടെ ഇലക്ഷൻ പ്രചരണാർത്ഥമാണ് സഫ്‌ദർ ഹാഷ്‌മിയും സംഘവും ‘ഹല്ലാ ബോൽ’ എന്ന തെരുവ് നാടകം അവതരിപ്പിക്കാൻ ജന്താപൂരിലെത്തുന്നത്. പക്ഷെ സർഗ്ഗാത്മക പ്രകടനങ്ങളിലൂടെയും പുരോഗമനാശയങ്ങളിലൂടെയും രാമാനന്ദ് ജായെ പിന്തുണക്കാൻ വന്ന ‘ജന നാട്യ മഞ്ച്’ എന്ന നാടക സംഘത്തെ വരവേറ്റത് മുകേഷ് ശർമ എന്ന കോൺഗ്രസ് നേതാവിന്റെ ഗുണ്ടകളും അവരുടെ മർദ്ദിത മുഷ്‌ടിയിൽ ചുരുട്ടിപ്പിടിച്ച ഇരുമ്പു ദണ്ഡുകളുമായിരുന്നു. നാടകം അരങ്ങേറവെ ഒരു കൂട്ടം ഗുണ്ടകൾ വന്ന് നാടകം തടസ്സപെടുത്തുകയും പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്‌തു.
നാടകം ജനകീയമായാൽ രാമാനന്ദ് ജായുടെ ഇലക്ഷൻ പ്രവർത്തനങ്ങളിൽ അത് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഭയന്ന ശർമയുടെ കോൺഗ്രസ് പ്രവർത്തകർ തന്നെയായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ഇരുമ്പു ദണ്ഡുകൾ കൊണ്ടും നാടൻതോക്കു കൊണ്ടും നാടകപ്രവർത്തകരുടെ ചോര ലക്ഷ്യമാക്കി വന്ന അക്രമികൾക്കെതിരെ പൊരുതി നിൽക്കാൻ പ്ലക്കാർഡുകളും പോസ്റ്റുകളും മാത്രമേ കലാകാരന്മാരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. ഗാസിയാബാദിലെ രാഷ്‌ട്രീയ സാഹചര്യത്തെ കൂടുതൽ രക്ത കലുഷിതമാക്കാനും തെരഞ്ഞെടുപ്പിനെ തങ്ങളുടെ അധികാര ഗർവ്വ് കൊണ്ട് വഴിതിരിച്ചു വിടാനും കോൺഗ്രസ് നടത്തിയ നരനായാട്ടിൽ റാം ബഹദൂർ എന്ന അതിഥി തൊഴിലാളിക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടു. അതേസമയം അക്രമണഭയത്താൽ ഗലികളിലെ വീടുകളിൽ അഭയം പ്രാപിച്ചും വസ്ത്രങ്ങൾ അഴിച്ചു വെച്ച് ധാബകളിൽ ഒളിച്ചിരുന്നും ഒറ്റപ്പെട്ടുപോയ നാടകപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വേട്ടയാടാനായിരുന്നു ഗുണ്ടകളുടെ ശ്രമം. മണിക്കൂറുകൾ നീണ്ടുനിന്ന ഉത്കണ്ഠപൂർണ്ണമായ സംഘട്ടനമവസാനിച്ചപ്പോൾ ജന നാട്യ മഞ്ചിന്റെ പ്രവർത്തകരുടെ കാതുകളെ കാത്തിരുന്നത് ഹൃദയം നടുക്കുന്ന വാർത്തയായിരുന്നു. തലക്കേറ്റ ആഘാതമായ മുറിവിനാൽ സഫ്ദർ ഹാഷ്മിയെ വെന്റിലെറ്ററിലേക്ക് പ്രവേശിപ്പിച്ച അടുത്തനിമിഷം മുതൽ സഹപ്രവർത്തകരും വേണ്ടപ്പെട്ടവരും തൊഴിലാളി സ്നേഹിതരും ഹോസ്പിറ്റലിലേക്കൊഴുകി. ഗാസിയാബാദിലെ മോഹൻ നഗർ ഹോസ്പിറ്റലിൽ കേശ്വാലിറ്റി വിഭാഗത്തിലേക്ക് എത്തിച്ച സഫ്ദറിനെ അടിയന്തരമായി രാംമനോഹർ ലോഹ്യ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടിവന്നു. ഡോക്ടർമാരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങളെ നിഷ്‌ഫലമാക്കി ജനുവരി 2 ന് സഫ്‌ദർ മരണപെട്ടു. കോൺഗ്രസുകാരുടെ ആക്രമണത്തിൽ ഇരുപത് പ്രാവശ്യമെങ്കിലും ഇരുമ്പ് ദണ്ഡുകൊണ്ട് സഫ്‌ദറിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നായിരുന്നു ഡോക്‌ടർമാരുടെ അനുമാനം. തന്റെ നാടകങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ജനങ്ങളുടെ കലാകാരൻ രക്തസാക്ഷിത്വം വരിച്ചപ്പോൾ അവന്റെ തലയോട്ടിയിൽ നിന്നും വാർന്നൊലിച്ച ചോര ഗലികളിലൂടെ പടർന്നു. ഡൽഹി ചുവന്നു.
കലയുടെയും കലാകാരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നടക്ക പെട്ടിട്ടുള്ള കയ്യേറ്റങ്ങളുടെ ഏറ്റവും നീചമായ അടിച്ചമർത്തൽ ഭാശ്യമായിരുന്നു അന്ന് കോൺഗ്രസ് കാണിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കോൺഗ്രസിന്റെ ഈ കടന്നുകയറ്റത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധ സ്വരങ്ങളുയർന്നു. പതിനയ്യായിരത്തോളം വരുന്ന കലാകാരന്മാരും ബുദ്ധിജീവികളും തൊഴിലാളികളും അണിനിരന്ന ബൃഹത്തായ ബഹുജന റാലിയോടെയാണ് ജനം സഫ്ദറിന് വിട നൽകിയത്. ജനുവരി മൂന്നിന് ഡൽഹിയുടെ ഘടികാരസൂചികകളെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് കൊണ്ട് 9 മൈൽ നീളമേറിയ ബഹുജനറാലി തീർത്താണ് കോൺഗ്രസിന്റെ അധികാര ഗർവ്വിനെതിരെ ജനങ്ങൾ മറുപടി അറിയിച്ചത്. ഇന്ത്യൻ കലാ സാംസ്കാരിക ചരിത്രത്തിൽ തന്നെ ഏറ്റവും വൈകാരികവും ശക്തവുമായ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കാനായിരുന്നു പിറ്റേദിവസം ഡൽഹിക്കുമേൽ സൂര്യനുദിച്ചുയർന്നത്. പുതുവത്സരദിനത്തിൽ ഗുണ്ടകളാൽ തടസ്സപ്പെട്ട തങ്ങളുടെ ഹല്ലാ ബോൽ എന്ന തെരുവുനാടകം പുനരവതരിപ്പിക്കാൻ സഫ്ദറിന്റെ ചോരവീണ സാഹിഭാഭാദിലേക്ക് ജന നാട്യ മഞ്ചിന്റെ സംഘം പുറപ്പെട്ടു. സഫ്‌ദറിന്റെ ജീവിതസഖിയും ജന നാട്യ മഞ്ചിലെ പ്രമുഖ അഭിനേത്രിയുമായ മൊലോയശ്രീ ഹാശ്മിയുടെ നേതൃത്വത്തിൽ ആയിരങ്ങളുടെ വലയം കൊണ്ട് സുരക്ഷിതമാക്കപെട്ട നാടക കളത്തിൽ ഹല്ലാ ബോൽ അരങ്ങേറി. വൈകാരികവും സുപ്രധാനവുമായ ജനുവരി നാലിലെ ഈ ഐതിഹാസിക പ്രകടനത്തെക്കുറിച്ച് മൊലോയശ്രീ ഓർക്കുന്നത് ഇങ്ങനെയാണ്.”അന്ന് ജന്താപൂരിൽ നാടകം അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ച ഹേതു എന്താണ്? എന്തിനാണ് സഫ്ദർ മരണപ്പെട്ട പിറ്റേന്നുതന്നെ നാടകമവതരിപ്പിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ യഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ അന്നത്തെ സാഹചര്യത്തിൽ ഏറ്റവും സ്വാഭാവികമായ പ്രതികരണമായിരുന്നു അത്. ഒരു ആസൂത്രിതനീക്കമായിട്ടല്ല അതൊക്കെ നടന്നത്. സ്വാഭാവികതയുടെ ഒഴുക്കിൽ ഉരിത്തിരിഞ പ്രതികരണങ്ങളായിരുന്നു അതെല്ലാം. ഒരുപക്ഷേ വൈകാരികതയുടെ മാനങ്ങളും നിങ്ങൾ അതിൽ കണ്ടിരിക്കാം. എങ്കിലും വൈകാരികത മാത്രമായിരുന്നില്ല അതിന്റെ ഹേതു. ഞങ്ങൾ വർഷങ്ങളായി ചെയ്തു പോന്നിരുന്ന കാര്യമാണ് അന്നും ചെയ്തത്. ഒരു നാടകം പകുതി വച്ച് നിർത്തി പോകേണ്ട ഗതികേടിനെതിരെ അന്നും ഇന്നും കലാകാരന്മാർ എന്ന നിലയിൽ ഞങ്ങൾക്ക് നിലകൊള്ളുന്നു. ജനങ്ങൾക്കുവേണ്ടി നിലനിന്ന കലാകാരന് ഞങ്ങൾ അർപ്പിച്ച അഭിവാദ്യം കൂടിയായിരുന്നു ആ നാടകം. പിന്നെ ജനങ്ങളാൽ നിന്നുയർന്ന ഇത്തരം കലകളെ അധികാരഗർവ് കൊണ്ട് അടിച്ചമർത്തിയ അധികാര വർഗ്ഗത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതികരണം കൂടിയായി അതിനെ കണക്കാക്കാം”.
ആരാണ് സഫ്‌ദർ ഹാഷ്‌മി?
ചിന്തോദ്ദീപിതമായ തന്റെ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമർത്തലുകൾക്കും മുതലാളിത്ത ചൂഷണങ്ങൾക്കുമെതിരെ നിരന്തരം കലഹിച്ച സഫ്‌ദർ ഹാശ്‌മി 1954 ഏപ്രിൽ 12ന് ദില്ലിയിൽ ജനിച്ചു. സിപിഐ പ്രവർത്തകനായിരുന്ന ഹനീഫ് ഹാഷ്‌മിയുടെയും സ്‌കൂൾ അധ്യാപികയായിരുന്ന ഖമർ ആസാദ് ഹാഷ്മിയുടെയും നാലാമത്തെ പുത്രനായാണ് സഫ്‌ദറിന്റെ ജനനം. ബാല്യകാലം അലിഗഡിൽ ചെലവഴിച്ച സഫ്ദർ തന്റെ പത്താം വയസ്സിലാണ് ദില്ലിയിൽ തിരിച്ചെത്തുന്നത്. അമ്മയുടെ സ്വാധീനത്താൽ വായന ലോകത്തിലേക്ക് പ്രവേശിച്ച സഫ്ദർ പതിയെ പതിയെ തന്റെ മുതിർന്ന സഹോദരങ്ങളെക്കാൾ പെട്ടെന്ന്തന്നെ രാഷ്ട്രീയപരമായും സാമൂഹികപരമായും പക്വതയാർജിച്ചു. 1970ൽ ദില്ലി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് ഹോണേഴ്‌സ് ബിരുദത്തിന് ചേർന്നതാണ് സഫ്ദറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. തന്റെ മകന് ഹിന്ദു കോളേജിൽ അഡ്മിഷൻ ലഭിക്കണമെന്നായിരുന്നു ഹനീഫിന്റെ ആഗ്രഹം പക്ഷെ ഡൽഹിൽ യൂണിവേഴ്സിറ്റിയിലെ സവർണ്ണതയുടെ പ്രതിരൂപമായ സെന്റ് സ്റ്റീഫൻസിലാണ് സഫ്ദറിന് അഡ്മിഷൻ ലഭിച്ചത്.
വരേണ്യ വിഭാഗം കയ്യടക്കിവാണിരുന്ന സെന്റ് സ്റ്റീഫെൻസിലെ വർഗ്ഗവിവേചനാന്തരീക്ഷത്തിൽ സഫ്ദർ അസ്വസ്ഥനായിരുന്നു. ദില്ലി യൂണിവേഴ്സിറ്റികളിൽ കോളേജ് കാന്റീനിന് പകരമായ് കഫെ ഉണ്ടായിരുന്ന ഏക കോളേജ് സ്റ്റീഫെൻസ് ആയിരുന്നു. അവിടത്തെ കഫേയിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും നിർവാഹമില്ലാത്ത വിദ്യാർത്ഥികൾ പലരും സഫ്‌ദറിന്റെ ചങ്ങാതിമാരായി. അവരിലൂടെ നക്സൽ മൂവ്മെന്റ്കളിലേക്ക് സഫ്ദർ ആകർഷനായെങ്കിലും ജേഷ്ഠൻ സുഹൈലിന്റെ ഇടപെടലിലൂടെ എസ്എഫ്ഐലേക്ക് തിരിച്ചുവന്നു. കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം സഫ്ദറിന്റെയുള്ളിലെ സർഗ്ഗാത്മക താളങ്ങളെ തിരിച്ചറിയാൻ സഹായിച്ചു. പതിയെ ഇടതുപക്ഷ സാംസ്കാരിക കൂട്ടായ്മകളിൽ പങ്കുചേർന്ന സഫ്ദർ ബ്രിട്ടീഷ് വിരുദ്ധ കാലം മുതൽക്കേ നിലവിലുണ്ടായിരുന്ന ഐ പി ടി എ (ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ)ൽ പങ്കുചേർന്നു.
പ്രതാഭ കാലത്തിന്റെ നിഴലിലേക്ക് മാത്രമായി ചുരുങ്ങിയിരുന്ന ഐ പി ടി എ യെ പുനരുജ്ജീവിപ്പിക്കുന്നതിൽ സഫ്‌ദറും മോലോയ ശ്രീ ഹാഷ്മിയും വലിയ പങ്കുവഹിച്ചിരുന്നു. Cpi യുടെ പിളർപ്പിനെ തുടർന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളുടെ ബാക്കിപത്രമായി കൊണ്ട് 1973 ൽ ഐ പി ടി എ യിൽ നിന്നും ഒരു കൂട്ടം യുവ കലാകാരന്മാർ രാജിവെച്ചു. അങ്ങനെ ജന നാട്യ മഞ്ച് എന്ന നാടക സംഘത്തിന് 1973ൽ രൂപം കൊണ്ടു. വെറും 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് സുഭാഷ് ത്യാഗിക്കും, രാജേഷ് സക്‌സേനക്കുമൊപ്പം സഫ്ദർ ജന നാട്യ മഞ്ചിന്റെ അമരക്കാരിൽ ഒരാളായിമാറിയത്. ജന നാട്യ മഞ്ചിന്റെ പ്രവർത്തനങ്ങൾ താരതമ്യേന കുറവായിരുന്നു അടിയന്തരാവസ്ഥ കാലത്തിന്റെ ഇടവേളകളിൽ കാശ്മീരിലെ ശ്രീനഗറിലും ഗഡ്വാളിലും ഡൽഹിയിലും സഫ്‌ദർ അധ്യാപകനായി സേവനമനുഷ്ടിച്ചു. പ്രസ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിലും വെസ്റ്റ് ബംഗാൾ സർക്കാരിന്റെ ഡൽഹി പ്രസ് ഓഫീസിലും ജോലി ചെയ്തതിനു ശേഷം 1984 ലാണ് മുഴുനീള രാഷ്ട്രീയ-നാടക ജീവിതത്തിലേക്ക് സഫ്ദർ മടങ്ങിവന്നത്.
ജനം ജനങ്ങളിലേക്ക്
ഇടതുപക്ഷ പോഷക സംഘടനകളായ സി.ഐ.ടി.യു കിസാൻസഭ എന്നിവയോടൊപ്പമെല്ലാം കൈകോർത്തു കൊണ്ടാണ് ജന നാട്യ മഞ്ച് ആദ്യകാലങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. തുടക്കകാലത്ത് മുഴുനീള പ്രോസനീയ നാടകങ്ങളിലായിരുന്നു ജന നാട്യ മഞ്ച് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനിടയിൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടുകൂടി രാജ്യത്തെ മറ്റു ബഹുജന കൂട്ടായ്മകൾ പോലെ ജനവും വലിയ പ്രതിസന്ധികൾ നേരിട്ടു. എഴുപതുകളുടെ പകുതിയോടെ കൂടി വലിയ നാടകങ്ങൾ കളിക്കാനുള്ള ചെലവ് വർദ്ധിക്കുകയും ജനങ്ങളോട് സംവദിക്കാനുള്ള ഇടങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തതോടുകൂടിയാണ് തെരുവിലേക്കിറങ്ങിച്ചെന്നു കൊണ്ട് നാടകങ്ങളെ അവരിലേക്കെത്തിക്കാമെന്ന ആശയത്തിലേക്ക് ജന നാട്യ മഞ്ച് എത്തിചേരുന്നത്. 1978ൽ ഗാസിയാബാദിലെ ഹരിഗ്-ഇന്ത്യ എന്ന കമ്പനിയിൽ തൊഴിലാളി പ്രക്ഷോഭമുണ്ടാവുകയും 6 തൊഴിലാളികൾക്ക് വെടിയേൽക്കുകയും ചെയ്തു ഇതിനെ തുടർന്ന് ജന നാട്യ മഞ്ച് തൊഴിലാളികളോടൊപ്പം അണിനിരക്കുകയും ‘മെഷീൻ’എന്ന പതിമൂന്ന് മിനിറ്റ് ദൈർഗ്യമേറുന്ന വിഖ്യാത നാടകം സംഘടിപ്പിക്കുകയും ചെയ്തു.
സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൈക്കിൾ സ്റ്റാൻന്റും ചായകുടിക്കാൻ കാന്റീനും വേണമെന്നുള്ള അടിസ്ഥാന ആവശ്യങ്ങളായിരുന്നു തൊഴിലാളികൾ ഉന്നയിച്ചിരുന്നത്. മുതലാളിത്ത ചൂഷണങ്ങൾക്കെതിരെ ശക്തമായ അവബോധം ജനങ്ങളിലേക്ക് പകർന്ന ‘മെഷീൻ’ രാജ്യത്താകമാനമുള്ള തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു. സഫ്‌ദറും രാകേഷ് സക്‌സേനയുമാണ് മെഷീൻ സംവിധാനം ചെയ്തത്. മെഷീനിന്റെ വിജയം സഫ്‌ദർ ഓർമിക്കുന്നത് ഇങ്ങനെയാണ്.”അവസാന ഗാനം ആലപിച്ചപ്പോൾ ട്രേഡ് യൂണിയൻ പ്രവർത്തകർ ഞങ്ങളുടെ അടുക്കലേക്ക് ഓടി വന്ന് ഞങ്ങളെ തോളിലുയർത്തി. അവരെ സംബന്ധിച്ചിടത്തോളം ഞങ്ങൾ അവർക്ക് ഹീറോ ആയിരുന്നു. 1,60,000 തൊഴിലാളികളെ മുൻ നിറുത്തി തൊട്ടടുത്ത ദിവസം ബോട്ട് ക്ലബ്ബിൽ നാടകം അരങ്ങേറി. തെരുവുനാടകം അതിന്റെ സുപ്രധാന കാലത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ഞങ്ങൾ കണ്ടത്. നാടകം കാണാൻ വന്ന മിക്കവരും അത് ടേപ്പ് റെക്കാർഡിൽ പകർത്തുന്ന ദൃശ്യം പതിവായി. ഒരു മാസത്തിനുശേഷം മെഷീൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല ഭാഷകളിൽ പുനർനിർമ്മിക്കുന്നതായും മറ്റും റിപ്പോർട്ട്‌കൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി”.
Photo Credit: Studio safdar
സ്ത്രീകളുടെ അവകാശ നിഷേധങ്ങൾക്കെതിരെയും ജന നാട്യ മഞ്ച് ശക്തമായി ഇടപെട്ടിരുന്നു. ഇറാനിയൻ കമ്മ്യൂണിസ്റ്റ് സാഹിത്യകാരനായിരുന്ന മാര്സിക് അഹ്മദ് ഉസൂക്കിയുടെ ‘അയാം എ വുമൺ’ എന്ന കവിതയെ ആധാരമാക്കി സഫ്‌ദറും രാകേഷും സംവിധാനം ചെയ്ത നാടകമായിരുന്നു ‘ഔറത്’.സ്‌ത്രീ ചൂഷണങ്ങൾക്കെതിരെ ശക്തമായ സ്വരമായി മാറിയ ‘ഔറത്’ ഹബീബ് തൻവർനെപ്പോലെയുള്ള പ്രശസ്ത നാടക കലാകാരന്മാരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. മൊലോയ ശ്രീ ഹാഷ്മിയായിരുന്നു ഔറത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. അന്ന് മുതൽ ഇന്നുവരെ രണ്ടായിരത്തോളം വേദികളിൽ മൊലോയ ശ്രീ ഔറത് ലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
സാങ്കേതികവിദ്യകളുടെ കാലിക പുരോഗതിക്കനുസരിച്ച് തന്റെ സംവേദന മാധ്യമങ്ങളെയും സഫ്ദർ പുതുക്കി കൊണ്ടുവന്നു. ടെലിവിഷൻ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളെ രാഷ്ട്രീയവത്കരിക്കണം എന്ന നിലപാടായിരുന്നു എൺപതുകളുടെ അവസാനത്തിൽ സഫ്ദർ ഹാഷ്മി സ്വീകരിച്ചിരുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘ഖിൽതി ഖിലിയാൻ’ എന്ന സീരിയലായിരുന്നു സഫ്‌ദറിന്റെ അവസാനകാല സൃഷ്ടികളിലൊന്ന്. ഖിൽതി കിലിയാൻ വേണ്ടി തിരക്കഥ ഒരുക്കിയതും പാട്ടുകൾ രചിച്ചതും സഫ്ദറായിരുന്നു.
മുതലാളിത്ത ചൂഷണങ്ങളെ കേവലം സമര സാഹചര്യങ്ങളിലേക്ക് മാത്രം ചുരുക്കാതെ ആഗോള മുതലാളിത്ത വ്യവസ്ഥ എങ്ങനെയാണ് മുഴുവൻ തൊഴിലാളി വർഗത്തെയും ഇരയാക്കുന്നത് എന്നായിരുന്നു സഫ്ദർ തന്റെ നാടകങ്ങളിലൂടെ നിരന്തരം പറഞ്ഞുവെച്ചത്. അതുപോലെ സ്ത്രീകഥാപാത്രങ്ങളുടെ വ്യക്തി ദുഃഖങ്ങളുടെ ഉത്ഭവസ്ഥാനം പാട്രിയാർക്കൽ വ്യവസ്ഥയുടെ ആകെത്തുകയാണെന്നും ജന നാട്യ മഞ്ചിന്റെ നാടകങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു.
തൊഴിലാളിവർഗ്ഗ വിമോചനങ്ങൾക്ക് വേണ്ടിയും ഭരണവർഗ്ഗ നിഷ്ട്ടൂരങ്ങൾക്കെതിരെയും സഫ്ദർ തന്റെ നാടകങ്ങളെ ആയുധമാക്കിയപ്പോൾ ജനം എന്ന ചുരുക്കപേരിൽ അറിയപ്പെട്ടിരുന്ന ജന നാട്യ മഞ്ച് ജനങ്ങളുടെ തന്നെ പ്രതിഫലനമായി ഗലികളിൽ കയറിയിറങ്ങി. തെരുവുകളെ തന്റെ രാഷ്ട്രീയ ഇടപെടലുകൾക്ക് വേണ്ടിയുള്ള മാധ്യമമാക്കി മാറ്റിയപ്പോൾ നാടകങ്ങളെ ആശയസംവേദനങ്ങക്ക് വേണ്ടിയുള്ള സ്വരമാക്കി മാറ്റി. ജനങ്ങളോട് ചോദ്യങ്ങൾ ചോദിച്ചും ജനങ്ങളെ ചിന്തിപ്പിച്ചും ജനത്തിൽ നിന്ന് ജനങ്ങളിലേക്ക് സഫ്ദർ വളർന്നു. ജനത്തിന്റെ ഓരോ തെരുവുനാടകങ്ങളും ദില്ലിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അവതരിപ്പിക്കപെടുമ്പോൾ തെരുവുകളിലൂടെ ജന നാട്യ മഞ്ചിലൂടെ ഉദയാസ്‌തമനങ്ങൾക്കതീതാനായി സഫ്‌ദർ ഇന്നും ജീവിക്കുന്നു.
ജാബിർ കെ നൗഷി (അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി രണ്ടാം വർഷ പി ജി വിദ്യാർത്ഥി )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..