ന്യൂഡൽഹി> യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനവിഷയത്തിൽ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് ആവർത്തിച്ചത്.
‘ബ്ലഡ്മണി’ നൽകി കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയുള്ള ചർച്ചകളിൽ സർക്കാരിന് നേരിട്ട് പങ്കാളിയാകാൻ കഴിയില്ല. അതേസമയം, നിമിഷപ്രിയയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒത്തുതീർപ്പ് ചർച്ചകൾക്ക് പോകുകയാണെങ്കിൽ അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിൽ ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി തള്ളി.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഹർജിക്കാർ ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതേതുടർന്നാണ്, ഹർജിക്കാർ അഡ്വ. കെ ആർ സുഭാഷ്ചന്ദ്രൻ മുഖേന ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിമിഷപ്രിയയുടെ ശിക്ഷ ഇളവാക്കണമെന്ന് ആവശ്യപ്പെട്ട് യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈ കാര്യം ഡിവിഷൻബെഞ്ച് മുമ്പാകെയും സർക്കാർ ആവർത്തിച്ചു. ഇതേതുടർന്ന്, ബന്ധുക്കളുടെ മേൽനോട്ടത്തിൽ ചർച്ചകൾ പുരോഗമിക്കട്ടേയെന്ന നിർദേശത്തോടെ ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് വിപിൻസംഖി അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി.
2017ൽ യമൻ പൗരനായ തലാൽ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്ന കേസിലാണ് കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു ആവശ്യം.