കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ ഹർജി നൽകും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
കേസിൽ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയിൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നിർണായക നീക്കം നടത്തുന്നത്. പുതിയ തെളിവുകൾ നൽകിയാവും ക്രൈംബ്രാഞ്ച് ഹർജി നൽകുക.