കൊച്ചി> കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ വി തോമസ് രംഗത്ത്. കോൺഗ്രസിലെ ചില നേതാക്കൾ തന്നെ ഒറ്റതിരഞ്ഞു ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഇന്നും കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്. തനിക്കെതിരെ സത്യമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ചവിട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഗൺപോയന്റിൽ നിർത്തി ഭീഷണിപ്പെടുത്തി കളയാമെന്ന് കരുതേണ്ട. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാന്യമല്ലാത്ത സമരങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്. മറ്റ് നേതാക്കളെയും ഇതുപോലെ ആക്ഷേപിച്ചിരുന്നു. തന്നെ പുറത്താക്കാൻ പറ്റില്ല. അകത്ത് നിന്ന് ഫൈറ്റ് ചെയ്യും. ബിജെപിയെ എതിർക്കാൻ ഇടതു ശക്തികളെ യോജിപ്പിക്കാതെ കോൺഗ്രസ്സിന് ഒറ്റക്ക് നിൽക്കാൻ കഴിയുമോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.