കൊച്ചി> സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന നേതാവ് കെ വി തോമസിനെതിരെ നടപടി എടുക്കരുതെന്ന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് എൽദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം.
മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സെമിനാറിൽ പങ്കെടുക്കന്നതിൽ തെറ്റില്ല. കെ വി തോമസിനെ സിപിഐ എം സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് നിരുത്സാഹപ്പെടുത്തുകയോ പോകരുത് എന്ന് പറയുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വേദിയിൽ പോയി കോൺഗ്രസ് കാഴ്ചപാടുകൾ പറയാനുള്ള വേദിയായി കാണുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.
സെമിറാൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസിനെതിരെ കെപിസിസി നേതൃത്വം ഒരു നടപടിയും എടുക്കരുത്. പാർട്ടിയിൽ നിന്ന് പുറത്താക്കരുത്. പാർട്ടിയിൽ കഴിവുള്ള ആളുകൾ വേണ്ടേ എന്നും എൽദോസ് കുന്നപ്പിള്ളി ചോദിച്ചു. കഴിവുള്ളത് കൊണ്ടാണ് കെ വി തോമസിന് അംഗീകാരവും അധികാരവും പദവിയും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു.
പ്രായമായ നേതാക്കളെ ചേർത്തു നിർത്തുന്നതിൽ കോൺഗ്രസ് സിപിഐ എമ്മിനെ മാതൃകയാക്കണമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വി എസ്സിനെ മാറിയപ്പോൾ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എന്ന പദവി കൊടുത്ത് ചേർത്തു പിടിച്ചു. പ്രായമായവർക്ക് അർഹമായ പരിഗണന കൊടുക്കാൻ കോൺഗ്രസും തയ്യാറാവണം. പ്രായം കൂടിയതിന്റെ പേരിൽ വഴിയിൽ ഉപേക്ഷിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.