മൂന്നാർ> ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പയെന്ന കാട്ടുകൊമ്പൻ വീടിന് സമീപമുള്ള മതിൽ തകർത്തു. ഞായർ രാത്രി ഒമ്പതോടെയാണ് മൂന്നാർ ന്യൂ കോളനിയിൽ പടയപ്പ എത്തിയത്. മതിൽ തകർത്തശേഷം വ്യാപകമായി വാഴകളും നശിപ്പിച്ചു. ആനയുടെ ചിന്നംവിളി കേട്ട് വീടുകളിൽനിന്ന് പുറത്തിറങ്ങിയ ആളുകൾ പാട്ടകൊട്ടിയും ബഹളംവച്ചും ആനയെ കാട്ടിലേക്ക് ഓടിച്ചു. തുടർന്ന് രാത്രി പതിനൊന്നോടെ തിരിച്ചെത്തിയ ആന വാഴകൾ നശിപ്പിക്കുകയായിരുന്നു.
ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂസലില്ലാതെ നിന്നു. പുലർച്ചെ മൂന്നിന് പടയപ്പ കാട്ടിലേക്ക് മടങ്ങി. ഒരാഴ്ചമുമ്പ് പകൽ പെരിയവരൈ റോഡിൽ എത്തിയ പടയപ്പ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തുകയും ചില്ല് പൊട്ടിക്കുകയും ചെയ്തിരുന്നു. അതേദിവസം രാത്രിയിൽ ടൗണിലെ പഴവ്യാപാരിയായ പാപ്പൂഞ്ഞിന്റെ കടയും തകർത്തിരുന്നു.