തിരുവനന്തപുരം > രാഷ്ട്രീയ ലക്ഷ്യവുമായെത്തിയ ദേശീയ വനിതാ കമീഷൻ മടങ്ങിയത് കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങൾ കണ്ടറിഞ്ഞ്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി വനിതാ സംരക്ഷണത്തിൽ കേരളം പിന്നിലായെന്ന് സ്ഥാപിക്കാനായിരുന്നു കമീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവർ സ്ത്രീസൗഹൃദമാക്കി കേരളത്തെ മാറ്റാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചതോടെ ഇതെല്ലാം നല്ലതെന്ന അഭിനന്ദനമായി.
തിരുവനന്തപുരത്തെത്തിയ ദേശീയ വനിതാ കമീഷൻ അധ്യക്ഷ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദാലത്തിനെത്തിയത്. ബുധൻ വൈകിട്ടാണ് ദേശീയ വനിതാ കമീഷൻ അധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം അദാലത്തിനെത്തിയത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, വിജയ് സാഖ്റെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗമാരംഭിച്ചപ്പോഴേ കേരള സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയുള്ള സംസാരത്തിനാണ് കമീഷൻ അധ്യക്ഷ മുതിർന്നത്. സംസ്ഥാനത്തുണ്ടായ ചില ആത്മഹത്യകളും മറ്റുമാണ് സ്ത്രീസുരക്ഷ പാളിയെന്ന് വരുത്തിത്തീർക്കാൻ ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായാണ് സംസ്ഥാന പൊലീസ് മേധാവിയും എഡിജിപിമാരും സംസ്ഥാനത്ത് വനിതാ സുരക്ഷയ്ക്കും മുന്നേറ്റത്തിനുമായി സ്വീകരിച്ച നടപടികളും പദ്ധതികളും വിശദീകരിച്ചത്. പൊതുഇടങ്ങളിലുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ 14 ലക്ഷം സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലനം പൊലീസ് നൽകിയിരുന്നു. സ്ത്രീകളെ ആത്മവിശ്വാസവും തന്റേടവുമുള്ളവരാക്കി മാറ്റുകയും അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാനും പ്രതിരോധതന്ത്രങ്ങൾ പരിശീലിപ്പിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
മുതിർന്ന സ്ത്രീകളടക്കമുള്ളവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ വിളിച്ചറിയിക്കാനാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ‘പ്രശാന്തി ’ ഹെൽപ്ലൈനിന് തുടക്കമിട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന നിരവധിപേരാണ് കോവിഡ് കാലത്തടക്കം സഹായം തേടിയത്. മെഡിക്കൽ സഹായം, കോവിഡ് സംബന്ധമായ സംശയങ്ങൾ എന്നിവയെല്ലാം ഇതുവഴി തീർപ്പാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസ് ഫെസിലിറ്റേഷനും വൺ സ്റ്റോപ്പ് സെന്ററുകളും തുടങ്ങി.
പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനായി പിങ്ക് ബീറ്റ്, സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക സംവിധാനം തുടങ്ങി സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാനത്ത് ഒരുക്കിയ പദ്ധതികളെല്ലാം പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ വനിതാ കമീഷന് മറുപടിയില്ലാതായി. ഇതോടെ വിവിധ കേസിലെ റിപ്പോർട്ട് തപാലിൽ അയക്കുന്നത് കാലതാമസമുണ്ടാക്കുന്നു എന്നും നടപടി വൈകാൻ കാരണം ഇതാണെന്നുമായി കമീഷൻ. റിപ്പോർട്ടിന്റെ പകർപ്പുകൾ അയക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചതോടെ അക്കാര്യത്തിലും കമീഷന് ഒന്നും പറയാനില്ലാതായി. 52 കേസാണ് കമീഷൻ പരിഗണിച്ചത്.