കൊളംബോ
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള മാർഗനിർദേശത്തിനായി വിദഗ്ധസമിതി രൂപീകരിച്ചതായി പ്രസിഡന്റ് ഗോതബായ രജപക്സെ. സെൻട്രൽ ബാങ്ക് മുൻ ഗവർണർ ഇന്ദ്രജിത് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് മൂന്നംഗ വിദഗ്ധസമിതി . ലോകബാങ്കിലെ മുൻ മുഖ്യ സാമ്പത്തിക വിദഗ്ധയായ ശാന്ത ദേവരാജൻ, ഐഎംഎഫിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കപ്പാസിറ്റി ഡെവലപ്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് ആഫ്രിക്ക എന്നിവയുടെ ഡയറക്ടറായിരുന്ന ഷർമിനി കൂരെ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ലങ്കയെ പ്രതിസന്ധിയിൽനിന്ന് പുറത്തെത്തിക്കാൻ മാർഗനിർദേശം നൽകേണ്ടത് ഈ സമിതിയാണ്. അതേസമയം, പുതിയ സെൻട്രൽ ബാങ്ക് ഗവർണറായി നന്ദലാൽ വീരസിംഗെ ഉടൻ ചുമതലയേറ്റേക്കും. പ്രതിസന്ധി രൂക്ഷമായതോടെ സെൻട്രൽ ബാങ്ക് ഗവർണറായിരുന്ന അജിത് നിവാർദ് കബ്രാൽ രാജിവച്ചതോടെയാണിത്. രാഷ്ട്രീയ സ്ഥിരതയുണ്ടായാലേ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂവെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ധനമന്ത്രി അലി സാബ്രി പറഞ്ഞു. അതേസമയം,സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രസിഡന്റ് ഗോതബായ രജപക്സെയെയും പ്രധാനമന്ത്രി മഹീന്ദ രജപക്സെയെയും മാറ്റേണ്ട അവസ്ഥയില്ലെന്നും വിദേശമന്ത്രി പറഞ്ഞു. മരുന്ന് രൂക്ഷമാകുന്നതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സമരം തുടരുകയാണ്. ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി. മരുന്ന്, ഇന്ധന ക്ഷാമത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിലാണിത്.