കൊച്ചി
യുകെയിൽ മലയാളി നഴ്സിന് ചീഫ് നഴ്സിങ് ഓഫീസർ (സിഎൻഒ) ഓഫ് ഇംഗ്ലണ്ട് സിൽവർ അവാർഡ് ലഭിച്ചു. ബക്കിങ്ഹാം ഷയർ ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂർ സ്വദേശി ആശ മാത്യുവിനാണ് ബഹുമതി. ഹീമറ്റോളജി വിഭാഗത്തിലെ സർവീസ് ലീഡ് ആൻഡ് അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറാണ് ആശ. ട്രസ്റ്റിൽ നടന്ന ചടങ്ങിൽ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ചീഫ് നഴ്സിങ് ഓഫീസർ അക്കോസ്യന്യാനിൻ അവാർഡ് സമ്മാനിച്ചു.
ജോലിയിലെ മികവിനും അതിനുപരിയായ സേവനങ്ങൾക്കുമുള്ള അംഗീകാരമായാണ് സിഎൻഒ അവാർഡ് നൽകുന്നത്. സ്പെഷ്യലിസ്റ്റ് സീനിയർ നഴ്സിങ് ടീമിന്റെ ഭാഗമായി നടത്തിയിട്ടുള്ള സേവനങ്ങൾ, പുതുതായി കേരളത്തിൽനിന്ന് ട്രസ്റ്റിൽ വന്ന നഴ്സുമാർക്ക് നൽകിവരുന്ന സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് ആശ മാത്യുവിനെ അവാർഡിന് തെരഞ്ഞെടുത്തത്. ട്രസ്റ്റിലെ വിദേശ റിക്രൂട്ട്മെന്റിൽ സജീവ സാന്നിധ്യമായ ആശ, പുതുതായി വരുന്ന ഇന്ത്യൻ നഴ്സുമാരുടെ വഴികാട്ടിയുമാണ്. സെപ്തംബറിൽ ആശയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള നഴ്സസ് ഫെസ്റ്റ് ഏറെ പ്രശംസ നേടിയിരുന്നു. അവാർഡിനായി മുമ്പ് രണ്ടുതവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവ് ജോൺ നൈനാനും മകൻ കെവിനുമൊപ്പം ഇംഗ്ലണ്ടിൽ ഹൈവിക്കമിലാണ് താമസം. എട്ടാംവയസ്സിൽ തലച്ചോറിൽ അർബുദം ബാധിച്ച് മരിച്ച രണ്ടാമത്തെ മകൻ റയാന്റെ ഓർമയ്ക്കായി അർബുദബാധിതരായ കുട്ടികളെ സഹായിക്കാൻ റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി എന്ന സന്നദ്ധസംഘടനയും രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആർസിസി ഉൾപ്പെടെ ഇന്ത്യയിലെയും യുകെയിലെയും അർബുദബാധിതരായ കുട്ടികൾക്ക് ആർഎൻസിസി സഹായം എത്തിക്കുന്നുണ്ട്.