ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കരിം ബെൻസെമയുടെ പടയോട്ടം തുടരുന്നു. പിഎസ്ജിയെ തകർത്തുവന്ന ബെൻസെമ ക്വാർട്ടറിൽ ചാമ്പ്യൻമാരായ ചെൽസിയുടെ കഥയുംകഴിച്ചു. തുടർച്ചയായ രണ്ടാം ഹാട്രിക്കോടെ റയൽ മാഡ്രിഡിനെ സെമിക്ക് അരികിയെത്തിച്ചു ഈ ഫ്രഞ്ചുകാരൻ. രണ്ടാംപാദം റയലിന്റെ തട്ടകത്തിലാണ്. 13നാണ് കളി.
ചെൽസി തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്-ജിൽ രണ്ട് മിന്നുന്ന ഹെഡ്ഡറുകളുമായാണ് ബെൻസെമ റയലിനെ നയിച്ചത്. മൂന്ന് മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ട് ഗോളും. കയ് ഹവേർട്സിലൂടെ ഒരെണ്ണം ചെൽസി തിരിച്ചടിച്ചെങ്കിലും രണ്ടാംപകുതിയിൽ ബെൻസെമയിലൂടെതന്നെ റയൽ ലീഡ് കൂട്ടി.
മുപ്പത്തിനാലുകാരനായ ബെൻസെമ പ്രീ ക്വാർട്ടർ രണ്ടാംപാദത്തിൽ പിഎസ്ജിക്കെതിരെ തകർപ്പൻ ഹാട്രിക് കുറിച്ചിരുന്നു. റയൽ പിന്നിട്ടുനിന്ന സാഹചര്യത്തിലായിരുന്നു ഈ മുന്നേറ്റക്കാരന്റെ അസാമാന്യ പ്രകടനം. ചെൽസിക്കെതിരായ ആദ്യപാദ പ്രീ ക്വാർട്ടറിന്റെ 24–ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. വിനീഷ്യസ് ജൂനിയറിന്റെ ക്രോസിൽ തകർപ്പൻ ഹെഡ്ഡർ. മൂന്ന് മിനിറ്റിടെ രണ്ടാംതവണയും ചെൽസി വലയിലേക്ക് വീണു.
ആദ്യപകുതിക്ക് തൊട്ടുമുമ്പായിരുന്നു ഹവേർട്സിന്റെ ഗോൾ. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ ചാമ്പ്യൻമാർ വീണ്ടും വഴങ്ങി. ഇക്കുറി ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിയുടെ പിഴവിൽനിന്നായിരുന്നു. ബോക്സ് വിട്ടിറങ്ങിയ മെൻഡി ബെൻസെമയുടെ കുതിപ്പ് കണ്ട് പേടിച്ചു. അന്റോണിയോ റൂഡിഗർക്ക് പന്ത് നൽകി രക്ഷപ്പെടാനായിരുന്നു മെൻഡിയുടെ ശ്രമം. എന്നാൽ പാസ് ദുർബലമായി. റൂഡിഗറിലേക്ക് എത്തുംമുമ്പെ ബെൻസെമ പന്ത് പിടിച്ചെടുത്ത് മുന്നേറി.
ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ട് ഹാട്രിക് നേടുന്ന നാലാമത്തെ കളിക്കാരനാണ് ബെൻസെമ. ക്രിസ്റ്റ്യാനോ റൊണാൾഡോ (2017), ലയണൽ മെസി (2016), ലൂയിഡ് അഡ്രിയാനോ (2014) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കുറിച്ചവർ.