തിരുവനന്തപുരം
കോവിഡ് പ്രതിസന്ധി മാറി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയുടെ നടുവൊടിച്ച് കേന്ദ്രം. പൊതുമേഖലാ ഗതാഗത സംവിധാനം തകർത്ത് സ്വകാര്യ കുത്തകകൾക്ക് വഴിതുറക്കുന്ന ബിജെപി സർക്കാർ ഡീസൽവില കുത്തനെ കൂട്ടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വൻകിട ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടുത്തിയതോടെ പൊതുവിപണിയിലുള്ളതിനേക്കാൾ ലിറ്ററിന് 27.88 രൂപ അധികം നൽകി ഡീസൽ വാങ്ങേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. പ്രതിമാസം 35 കോടി രൂപയിലധികമാണ് ഇതിനാൽ അധികബാധ്യത. വർഷം 500 കോടിയോളം രൂപ അധികം കണ്ടെത്തേണ്ടിവരും.
കോവിഡിനെത്തുടർന്ന് മാന്ദ്യത്തിലായ പൊതുഗതാഗത മേഖല ഉണർന്നുതുടങ്ങുന്നതിനിടെയാണ് ഈ ഇരുട്ടടി. ബസ് യാത്രനിരക്ക് പരിഷ്കരിച്ചെങ്കിലും അതിന്റെ ഗുണം കിട്ടുന്നില്ല. വരവും ചെലവും തമ്മിലുള്ള അന്തരം കൂടുന്നു. ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് നൽകേണ്ട സഹായധനം പതിറ്റാണ്ടുകളായി കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. കോവിഡ്കാലത്തും ഒന്നും ചെയ്തില്ല. തൊഴിൽരഹിതരായ ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് 1000 രൂപ ആശ്വാസധനംപോലും അനുവദിച്ചില്ല. അതെസമയം, കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ 2000 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.
ലക്ഷ്യം കുത്തക പ്രീണനം
സ്വകാര്യ ആഡംബര ബസുകൾക്ക് രാജ്യത്ത് എവിടെയും സർവീസ് നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ആർടിസികളിൽനിന്ന് ഡീസലിന് ഉയർന്ന തുക ഈടാക്കാനുള്ള തീരുമാനം. ഡീസൽ ബസുകളെ ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ കൂടുതൽ മൂലധനം ആവശ്യമാണ്. കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങാനും സിഎൻജി/ എൽഎൻജി ഇന്ധനത്തിലേക്ക് മാറാനും കേന്ദ്ര സർക്കാർ ആർടിസികൾക്ക് സഹായം അനുവദിക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.