കണ്ണൂർ
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി സംസ്ഥാന സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും വീട് താഴിട്ട് പൂട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ജപ്തി നടത്തി ആരെയും തെരുവിൽ ഇറക്കിവിടരുതെന്നാണ് സർക്കാർ തീരുമാനം. മൂന്നോ നാലോ സെന്റിൽ ജീവിക്കുന്നവർക്കെതിരെയുള്ള ജപ്തി നടപടി, അവർ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിച്ചശേഷമേ പാടുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ വീട് താഴിട്ട് പൂട്ടാൻ പറഞ്ഞതായാണ് മൂവാറ്റുപുഴ ജോയിന്റ് രജിസ്ട്രാറുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ സഹകരണ രജിസ്ട്രാറോട് നിർദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ ഭാഗമായാണ് ജപ്തി നടപടിയുണ്ടായത്. അർബൻ ബാങ്കുകൾ ആർബിഐയുടെ കീഴിലാണ്.
സർഫാസി നിയമം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണ്. ഇതിനെതിരെ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്
ബന്ധമില്ല
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടിയിൽ കേരള ബാങ്കിന് ബന്ധമില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
വായ്പാ കുടിശ്ശികക്കാരെ സഹായിക്കുന്നതാണ് കേരള ബാങ്ക് നിലപാട്. ആർബിഐ നിഷ്കർഷിച്ച വായ്പാ പുനഃസംഘടനാ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. ധനസ്ഥിതി പരിശോധിച്ച് അർഹർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ഇതിന് സംസ്ഥാന സർക്കാർ അംഗീകാരമുണ്ട്. നിർധനരും ഗുരുതര രോഗംമൂലം വായ്പ തിരിച്ചടയ്ക്കാനാകാത്തവരുമായ മുപ്പതിലധികം പേരുടെ ബാധ്യത കേരള ബാങ്ക് ജീവനക്കാർ തീർത്തു. ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങളും ഇത്തരം പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായും സിഇഒ പറഞ്ഞു.