ന്യൂഡൽഹി
ഉക്രയ്നിൽനിന്ന് മടങ്ങേണ്ടിവന്ന മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനത്തിനായി പോളണ്ട്, റുമാനിയ, കസാക്കിസ്ഥാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ ലോക്സഭയെ അറിയിച്ചു.
ഇന്ത്യൻ വിദ്യാർഥികൾക്ക് സർവകലാശാലകളിൽ പ്രവേശനം നൽകാമെന്ന് ഹംഗറി സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഉക്രയ്ൻ സർക്കാരുമായും സർവകലാശാലകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രധാനപരീക്ഷകളിൽ ഇളവ് അനുവദിച്ച ഉക്രയ്ൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത് അടുത്ത അധ്യയനവർഷം നടത്താമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ആറാംവർഷ വിദ്യാർഥികൾ കെആർഒകെ–2 പരീക്ഷ പാസാകണമെന്ന മാനദണ്ഡം ഒഴിവാക്കി അക്കാദമിക് പ്രകടനം വിലയിരുത്തി ബിരുദം നൽകാൻ തയ്യാറാണെന്ന് അവർ അറിയിച്ചതായും ജയ്ശങ്കർ സഭയെ അറിയിച്ചു. എംബസിയുടെ അന്വേഷണങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാത്ത സ്ഥാപനങ്ങളുമുണ്ട്.
തുടർപഠനം മുടങ്ങുമോയെന്ന ഭയത്താൽ ഇനിയും ഉക്രയ്ന് വിടാത്ത വിദ്യാർഥികളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളോട് മടങ്ങിവന്നവരുടെ വായ്പ വിശദാംശങ്ങള്‍ തേടിയെന്നും മന്ത്രി അറിയിച്ചു.