ഇ കെ നായനാർ നഗർ
ജനാധിപത്യവും പൗരാവകാശങ്ങളും നശിപ്പിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യദൗത്യമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. ഇതിനായി സിപിഐ എമ്മിന്റെ അടിത്തറ ശക്തിപ്പെടുത്താനും സ്വാധീനം വിപുലീകരിക്കാനുമുള്ള മാർഗങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു എസ് ആർ പി.
നിർണായകഘട്ടത്തിൽ ചേരുന്ന പാർടി കോൺഗ്രസ്, രാജ്യത്തിന്റെയും പാർടിയുടെയും ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്നു. ബിജെപി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നവലിബറൽ നയങ്ങൾക്കെതിരെ കൂടുതൽ ജനവിഭാഗങ്ങൾ സമരരംഗത്തേക്ക് വരികയാണ്. കർഷകസമരത്തിലും തൊഴിലാളിപ്രക്ഷോഭങ്ങളിലുമെല്ലാം ഇത് കണ്ടു. ഭരണഘടനയെ കേന്ദ്രസർക്കാർ ആക്രമിക്കുമ്പോൾ, സംസ്ഥാന സർക്കാരുകളും പ്രാദേശിക രാഷ്ട്രീയകക്ഷികളും പ്രതിഷേധം ഉയർത്തുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് രാഷ്ട്രീയ–-സംഘടനാ ദൗത്യങ്ങൾ പാർടി കോൺഗ്രസ് നിശ്ചയിക്കുമെന്നും എസ് ആർ പി പറഞ്ഞു.