മലപ്പുറം > കരയിൽനിന്നുള്ള കാഴ്ചകൾക്കൊപ്പം തിരയുടെ താളത്തിൽ കടലറിയാനും ഓളത്തിനൊപ്പം കായൽക്കാഴ്ചകളിൽ ഒഴുകിനടക്കാനും ‘ഒഴുകുന്ന പാലം’ വരുന്നു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ‘ഫ്ലോട്ടിങ് ബ്രിഡ്ജ് ’ സംവിധാനം ഒരുക്കുന്നത്. അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹസിക വിനോദ മേഖലയിലെ നൂതന തരംഗമായ ‘ഫ്ലോട്ടിങ് ബ്രിഡ്ജ്’ സംവിധാനം ജില്ലയിലും യാഥാർഥ്യമാക്കുന്നത്.
ആദ്യഘട്ടത്തിൽ പടിഞ്ഞാറെക്കര ബീച്ച്, ബിയ്യം കായൽ എന്നിവിടങ്ങളിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കാൻ പദ്ധതി തയ്യാറാക്കുന്നത്. പടിഞ്ഞാറെക്കര ബീച്ചിൽ ബേപ്പൂർ മോഡൽ ഫ്ലോട്ടിങ് ബ്രിഡ്ജാണ് യാഥാർഥ്യമാക്കുക. എങ്കിലും ബീച്ചിലെ തിരയുടെ സ്വഭാവംകൂടി പരിഗണിച്ചായിരിക്കും നിർമാണം. ബിയ്യം കായലിൽ അനുയോജ്യമായ മാതൃകയിലും ബ്രിഡ്ജ് യാഥാർഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഡ്വഞ്ചർ ടൂറിസം പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ഡിടിപിസി താൽപ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.