കണ്ണൂർ
കാസർകോട്–- തിരുവനന്തപുരം അതിവേഗ റെയിൽപാതയുടെ കാര്യത്തിൽ ബിജെപി മലക്കംമറിഞ്ഞതിന് സാക്ഷ്യമായി മുഖപത്രം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നൽകിയില്ലെന്നും കേന്ദ്രം പദ്ധതിക്കെതിരാണെന്നും കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരുടെ നുണപ്രചാരണങ്ങൾക്ക് മറുപടിയാണ് 2019 ഡിസംബർ 18ന്റെ ‘ജന്മഭൂമി ’പത്രം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചുവെന്ന തലക്കെട്ടിൽ നൽകിയ വാർത്തയിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായി വ്യക്തമാക്കുന്നു. അതോടൊപ്പം, പദ്ധതി വന്നാലുണ്ടാകുന്ന നേട്ടങ്ങളും പത്രം അക്കമിട്ട് വിശദീകരിക്കുന്നു. നിക്ഷേപ സമാഹരണവുമായി മുന്നോട്ടുപോകാൻ കേരള റെയിൽ വികസന കോർപ്പറേഷന് അനുമതി നൽകിയെന്നും ഒന്നാം പേജിൽ സൂപ്പർ ലീഡായി നൽകിയ വാർത്തയിലുണ്ട്.
ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അന്തിമാനുമതി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചശേഷം ലഭിക്കും. അര ലക്ഷം തൊഴിലവസരം ലഭിക്കുമെന്നും പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വാർത്തയിലുണ്ട്. പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കാൻ ഐഐഎം അഹമ്മദാബാദുമായി ധാരണപത്രം ഒപ്പിടും. ഹരിത നിർമാണ വ്യവസ്ഥ പാലിച്ചാകും സ്റ്റേഷൻനിർമാണം. പദ്ധതിയുടെ അന്തിമാനുമതി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച ശേഷം ലഭിക്കുമെന്നും ബിജെപി പത്രം വ്യക്തമാക്കുന്നു.ഇതെല്ലാം കണ്ടില്ലെന്ന മട്ടിൽ കുത്തിത്തിരിപ്പ് പ്രചാരണത്തിന് ഇറങ്ങിയ കേന്ദ്ര സഹമന്ത്രിയും പ്രവർത്തകരും വീട്ടമ്മമാരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.