തിരുവനന്തപുരം
ആധാരപ്പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഡിജിറ്റലൈസ് ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാകും അപേക്ഷകന് ഓൺലൈനായി ലഭ്യമാകുക. ഓൺലൈനായി അപേക്ഷ നൽകാം. ഫീസും മുദ്രപ്പത്ര തുകയും ഓൺലൈനിൽ ഒടുക്കാം. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ആധാരം രജിസ്റ്റർചെയ്ത ദിവസംതന്നെ മടക്കിനൽകാനാകും. മുന്നാധാര വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ 14 ജില്ലയിലും പുരോഗമിക്കുന്നു.
വിവിധതരം ആധാരങ്ങളുടെ മാതൃകകൾ ലളിതമാക്കി ഏകീകരിക്കും. വാണിജ്യ ബാങ്കുകളിൽനിന്ന് സൂക്ഷ്മ–-ചെറുകിട വ്യവസായ വായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കുന്നതിനുള്ള കരാറുകൾ ഇ- സ്റ്റാമ്പിങ് വഴി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. രജിസ്ട്രേഷൻ നിർബന്ധമല്ലാത്തതും മുദ്രവില ആവശ്യമായതുമായ വാണിജ്യ ബാങ്കുകളുമായി ബന്ധപ്പെട്ട പണയാധാരങ്ങൾക്കും മറ്റ് കരാറുകൾക്കും ഇ- സ്റ്റാമ്പിങ് സൗകര്യമൊരുക്കും.
രജിസ്ട്രേഷൻ വകുപ്പിന്റെ PEARL ഡിജിറ്റൽ സംവിധാനവും ട്രഷറി വകുപ്പിന്റെ ഇ -ട്രഷറി സംവിധാനവും നാഷണൽ ഇ ഗവേണൻസ് സർവീസസിന്റെ (NeSL) ഡിജിറ്റൽ സംവിധാനവുമായി സംയോജിപ്പിച്ചായിരിക്കും ഇത് സാധ്യമാക്കുക. ആദ്യഘട്ടത്തിൽ വാണിജ്യ ബാങ്കുകൾ, കെഎസ്എഫ്ഇ, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്ഐഡിസി, കേരള ബാങ്ക് എന്നീ സ്ഥാപനങ്ങളെ സംയോജിപ്പിക്കും.