തിരുവനന്തപുരം > കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തൃശൂർപൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എം എൽ എ, തൃശൂർ മേയർ എം കെ വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ ആർ ജ്യോതിലാൽ, തൃശൂർ ഡി ഐ ജി എ അക്ബർ, കലക്ടർ ഹരിത വി കുമാർ , തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻകഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകൾപൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.