പാകിസ്ഥാന്റെ 75 വർഷ ചരിത്രത്തിൽ ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിക്കും അഞ്ച് വർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ല. ഇതുവരെ 22 പ്രധാനമന്ത്രിമാരും ഏഴ് കാവൽ പ്രധാനമന്ത്രിമാരുമുണ്ടായി. സൈനിക അട്ടിമറി, കൊലപാതകം, സുപ്രീംകോടതി അയോഗ്യത കൽപ്പിക്കൽ, പ്രസിഡന്റ് പുറത്താക്കൽ, ഭൂരിപക്ഷം നഷ്ടപ്പെട്ടുള്ള രാജി എന്നിങ്ങനെ വിവിധ കാരണങ്ങളായിരുന്നു ഇതിനുപിന്നിൽ.
1977–- 1985 കാലയളവിൽ രാജ്യത്തെ പ്രധാനമന്ത്രി പദവി സൈനിക ഭരണാധികാരിയായിരുന്ന ജനറൽ സിയ ഉൾ ഹഖ് റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽകാലം പൂർത്തിയാക്കിയത് ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാനാണ്. നാലു വർഷവും രണ്ട് മാസവും.
13 ദിവസംമാത്രം പ്രധാനമന്ത്രി കസേരയിലിരുന്ന നൂറുൽ അമീനാണ് ഏറ്റവും കുറഞ്ഞ കാലാവധി. ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രിയായത് പാകിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫാണ്. നാല് തവണയായി ഒമ്പത് വർഷവും നാല് മാസവും 22 ദിവസവും.
ഇനി നൈറ്റ്വാച്ച്മാന്റെ കളി
പാകിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത് അഭിമാനമായി മാറിയ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ രാഷ്ട്രീയ ഇന്നിങ്സിലും പ്രതിപക്ഷത്തിന്റെ യോർക്കർ ബൗണ്ടറി കടത്തി. ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാവൽപ്രധാനമന്ത്രിയായി നൈറ്റ് വാച്ച്മാന്റെ റോളിലേക്ക് മാറിയതോടെ കളി പകുതി അദ്ദേഹത്തിന്റെ വരുതിയിലായി.
പ്രതിസന്ധികളിൽ അകപ്പെട്ട രാജ്യത്തിന്റെ രക്ഷകനാകുമെന്ന് പ്രഖ്യാപിച്ചാണ് 2018 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനത ഇമ്രാൻ ഖാന്റെ പാർടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫിനെ (പിടിഐ) പിന്തുണച്ചു. 342ൽ 149 സീറ്റ് നേടിയ പിടിഐ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂന്നു ചെറുപാർടിയെയും ഒപ്പംകൂട്ടി ഭരണത്തിലേറി. രാജ്യത്തെ ഏഴ് പ്രവിശ്യയിൽ ആറിലും ഭരണം നേടി. മനുഷ്യത്വത്തിലും മാനവികതയിലൂം ഊന്നുന്ന പാകിസ്ഥാൻ കെട്ടിപ്പടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇമ്രാൻ പറഞ്ഞത്. പട്ടിണി, ദാരിദ്രം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്ക് പരിഹാരം കാണും. അഴിമതി ഇല്ലാതാക്കും. ജനങ്ങൾക്ക് ഗുണകരമാകുന്ന ഭരണ സംവിധാനം സ്ഥാപിക്കും എന്നതായിരുന്നു പ്രഖ്യാപനം. എന്നാൽ, മൂന്നര വർഷത്തിലധികം നീണ്ട ഭരണത്തിനുശേഷം പടിയിറക്കപ്പെടുമ്പോൾ വാഗ്ദാനങ്ങളെല്ലാം അതേപോലെ തുടരുകയാണ്.
രാഷ്ട്രീയ നേതൃത്വത്തിൽ മാറ്റം ആഗ്രഹിച്ച പാക് ജനത ഇമ്രാൻ നടത്തിയ മുൻകാലപ്രവർത്തനങ്ങളിൽക്കൂടി വിശ്വസിച്ചാണ് വോട്ട് ചെയ്തത്. ഫണ്ട് സമാഹരിച്ച് അർബുദ ആശുപത്രി നിർമിച്ച, വിദേശ സർവകലാശാലയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിൽ കോളേജ് യാഥാർഥ്യമാക്കിയ ഇമ്രാനെ പക്ഷേ, ഭരണത്തിൽ കണ്ടില്ല. അഴിമതി നിറഞ്ഞതായിരുന്നു ഇമ്രാന്റെ ഭരണകാലവും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത പദവികൾ ലഭിക്കുന്നതിനടക്കം കൈക്കൂലി വാങ്ങുന്നുവെന്ന് സ്വന്തം പാർടിയിൽ നിന്നുതന്നെ വെളിപ്പെടുത്തലുണ്ടായി. വിലക്കയറ്റവും പണപ്പെരുപ്പവും പാകിസ്ഥാന്റെ സ്ഥിതി കൂടുതൽ വഷളാക്കി. ഈ സാഹചര്യം മുതലെടുത്താണ് പ്രതിപക്ഷം അവിശ്വാസപ്രമേയം നൽകിയത്. പാർടിയിലെ 24 വിമത എംപിമാരും സർക്കാരിൽ സഖ്യകക്ഷിയായ മൂന്നു പാർടിയും പ്രതിപക്ഷത്തിനൊപ്പം ചേർന്നു.
2018ൽ ഇമ്രാനെ അധികാരത്തിലെത്താൻ പ്രധാനമായും സഹായിച്ചത് സൈന്യമാണ്. സൈനിക നിയമനങ്ങളിൽ ഇമ്രാൻ നടത്താൻ ശ്രമിച്ച ഇടപെടലുകൾ ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും പ്രതിസന്ധിയിൽ അവർ ഒപ്പംനിന്നു. സൈന്യത്തിന്റെ നിർദേശങ്ങൾ കൂടി അംഗീകരിച്ചതോടെയാണ് അദ്ദേഹത്തിന് നൈറ്റ്വാച്ച്മാന്റെ റോളെങ്കിലും തുടരാനായത്.
ഇവർ പ്രധാനമന്ത്രിമാർ
●ലിയാഖത്ത് അലി ഖാൻ (1947 ആഗസ്ത് 14–- 1951 ഒക്ടോബർ 16)
ഭരണ കാലാവധി: നാല് വർഷം രണ്ട് മാസം രണ്ട് ദിവസം; കൊല്ലപ്പെട്ടു
●ഖവാജ നാസിമുദ്ദീൻ (1951 ഒക്ടോബർ 17–- 1953 ഏപ്രിൽ 17)
ഒരു വർഷം ആറ് മാസം–- ഗവർണർ ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് പുറത്താക്കി
● മുഹമ്മദ് അലി ബോഗ്ര (1853 ഏപ്രിൽ 17–- 1955 ആഗസ്ത് 12)
രണ്ട് വർഷം മൂന്നു മാസം 26 ദിവസം–- ഗവർണർ പുറത്താക്കി
●ചൗധരി മുഹമ്മദ് അലി (1953 ഏപ്രിൽ 17–- 1955 ആഗസ്ത് 12)
ഒരു വർഷം ഒരു മാസം–- സ്വന്തം പാർടി അവിശ്വാസം കൊണ്ടുവന്നു, രാജിവച്ചു
● ഹുസൈൻ ഷഹീദ് സുഹ്റവർദി (1956 സെപ്തംബർ 12–- 1957 ഒക്ടോബർ 17)
ഒരു വർഷം ഒരു മാസം ആറ് ദിവസം–- സ്വന്തം പാർടിയിൽ പിന്തുണ നഷ്ടമായി, രാജിവച്ചു.
● ഇബ്രാഹിം ഇസ്മായിൽ ചുന്ദ്രിഗർ (1957 ഒക്ടോബർ 17–- ഡിസംബർ 16)
ഒരു മാസം 28 ദിവസം–- വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് രാജി
● ഫിറോസ് ഖാൻ നൂൺ (1957 ഡിസംബർ 16–- 1958 ഒക്ടോബർ 7)
ഒമ്പത് മാസം 21 ദിവസം–- സൈനിക അട്ടിമറി
● നൂറുൽ അമീൻ (1971 ഡിംസബർ 7–- 20)
13 ദിവസം–- ബംഗ്ലാദേശ് രൂപീകരണത്തോടെ സ്ഥാനമൊഴിഞ്ഞു
●സുൾഫിക്കർ അലി ഭൂട്ടോ (ആഗസ്ത് 1973–- 1977 ജൂലൈ 5)
മൂന്നു വർഷം 10 മാസം 21 ദിവസം–- സൈനിക നിയമം ചുമത്തിയശേഷം ജയിലിലടയ്ക്കപ്പെട്ടു. കൊലപാതക കുറ്റത്തിന് വധശിക്ഷ ലഭിച്ചു
● മുഹമ്മദ് ഖാൻ ജുനജോ (1985 മാർച്ച് 24–- 1988 മെയ് 29)
മൂന്നു വർഷം രണ്ട് മാസം ആറ് ദിവസം–- പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസം, പുറത്താക്കി
● ബേനസീർ ഭൂട്ടോ (1988 ഡിസംബർ 9–- 1990 ആഗസ്ത് 6)
ഒരു വർഷം എട്ട് മാസം നാല് ദിവസം–- അഴിമതി ആരോപണം, പ്രസിഡന്റ് പുറത്താക്കി
● നവാസ് ഷെറീഫ് (1990 നവംബർ 6–- 1993 ഏപ്രിൽ 18)
രണ്ട് വർഷം അഞ്ച് മാസം 12 ദിവസം–- പ്രസിഡന്റ് പുറത്താക്കി
● നവാസ് ഷെറീഫ്(1993 മെയ് 26–- ജൂലൈ 18)
ഒരു മാസം 22 ദിവസം–- സർക്കാരിനെ പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി കോടതി റദ്ദാക്കിയതോടെ അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ, ഒത്തുതീർപ്പിന്റെ ഭാഗമായി രാജിവച്ചു.
● ബേനസീർ ഭൂട്ടോ (1993 ഒക്ടോബർ 19–- 1996 നവംബർ 5)
മൂന്നു വർഷം 17 ദിവസം–- അഴിമതി ആരോപണം, പ്രസിഡന്റ് പുറത്താക്കി
● നവാസ് ഷെരീഫ് (1997 ഫെബ്രുവരി 17–- 1999 ഒക്ടോബർ 12)
രണ്ട് വർഷം ഏഴ് മാസം 25 ദിവസം–- സൈനിക അട്ടിമറി
●സഫറുള്ള ഖാൻ ജമാലി ( 2002 നവംബർ 21–- 2004 ജൂൺ 26)
ഒരു വർഷം ഏഴ് മാസം മൂന്നു ദിവസം–- പ്രസിഡിന്റ് മുഷ്റഫിന്റെ വിശ്വാസം നഷ്ടമായതിനെ തുടർന്ന് രാജി
●ചൗധരി ഷുജാത് ഹുസൈൻ ( 2004 ജൂൺ 30–- 2004 ആഗസ്ത് 27)
ഒരു മാസം 27 ദിവസം–- ഷൗക്കത്ത് അസീസിനെ പ്രധാനമന്ത്രിയാക്കാൻ സ്ഥാനമൊഴിഞ്ഞു.
● ഷൗക്കത്ത് അസീസ് ( 2004 ആഗസ്ത് 28–- 2007 നവംബർ 15)
മൂന്നു വർഷം രണ്ട് മാസം 18 ദിവസം–- പാർലമെന്റിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ആദ്യ ആൾ.
● യൂസഫ് റാസ ഗിലാനി (2008 മാർച്ച് 25–- 2012 ജൂൺ 19)
നാല് വർഷം രണ്ട് മാസം 25 ദിവസം–- അഴിമതി ആരോപണം, സുപ്രീംകോടതി പുറത്താക്കി.
● രാജാ പർവേസ് അഷ്റഫ് ( 2012 ജൂൺ 22–- 2013 മാർച്ച് 24)
ഒമ്പത് മാസം രണ്ട് ദിവസം–- സുപ്രീം കോടതി അയോഗ്യനാക്കി
● നവാസ് ഷെറീഫ് (2013 ജൂൺ 5–- 2017 ജൂലൈ 28)
നാല് വർഷം ഒരു മാസം 23 ദിവസം–- പനാമ പേപ്പറിലെ വെളിപ്പെടുത്തലിനെ തുടർന്ന് സുപ്രീംകോടതി അയോഗ്യനാക്കി. ഭാവിയിൽ പ്രധാനമന്ത്രിയാക്കുന്നതിൽനിന്ന് തടഞ്ഞു.
● ഷാഹിദ് ഖാഖൻ അബ്ബാസി ( 2017 ആഗസ്ത് 1–- 2018 മെയ് 31)
10 മാസം–- നവാസ് ഷെരീഫിന്റെ പുറത്താക്കലിനെ തുടർന്ന് ഇടക്കാല പ്രധാനമന്ത്രി
●ഇമ്രാൻ ഖാൻ ( 2018 ആഗസ്ത് 8 )–- കാവൽ പ്രധാനമന്ത്രിയായി തുടരുന്നു