ഇസ്ലാമാബാദ്
സൈനിക അട്ടിമറിയുടെ ചരിത്രമുള്ള പാകിസ്ഥാൻ ആ ‘ഭീഷണി’യിൽ നിന്ന് മുക്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇമ്രാൻ ഖാന്റെ തീരുമാനങ്ങൾ. രാജിവച്ച് പുറത്തുപോവുക, അല്ലെങ്കിൽ അവിശ്വാസ പ്രമേയത്തെ നേരിടുക, അതുമല്ലെങ്കിൽ തിരഞ്ഞെടുപ്പ് എന്നതാണ് സൈന്യം നൽകിയ പോംവഴികൾ.
തനിക്കും മുകളിലുള്ള സർവാധികാരകേന്ദ്രമാണ് നിർദ്ദേശം നൽകിയതെന്ന് ഇമ്രാൻതന്നെ പറഞ്ഞിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ സൈന്യത്തിന്റെ തീരുമാനങ്ങളാണ് രാജ്യത്ത് നടപ്പിലാകുന്നതെന്ന് അടിയവരയിടുന്നു. രാജ്യത്ത് ഒരു പ്രധാനമന്ത്രിക്കും കാലാവധി തികയ്ക്കാൻ ആയിട്ടില്ല. 1956ൽ രാജിവച്ച നാലാമത്ത പ്രധാനമന്ത്രിയായിരുന്ന ചൗധരി മുഹമ്മദ് അലി, സൈനിക തലവനായിരുന്ന അയൂബ് ഖാനെ എതിർത്തതാണ് തിരിച്ചടിയായത്.
1957ൽ അവിശ്വാസ വോട്ടെടുപ്പിലൂടെ അന്നത്തെ പ്രധാനമന്ത്രയായിരുന്ന ഇബ്രാഹിം ഇസ്മായിൽ ചുന്ദ്രിഗർ അധികാരമൊഴിയേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെ വന്ന ഫിറോസ് ഖാന്, രാജ്യത്ത് പട്ടാളനിയമം നടപ്പാക്കിയതോടെ രാജിവയ്ക്കേണ്ടി വന്നു. പിന്നീട് നീണ്ട 13 വർഷക്കാലം പട്ടാളഭരണമായിരുന്നു പാകിസ്ഥാനിൽ. 1973 മുതൽ 77 വരെ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും പട്ടാള അട്ടിമറിയിലൂടെയാണ് പുറത്തായത്.1997 മുതൽ 2008വരെ മുഷാറഫിന്റെ നേതൃത്വത്തിലുള്ള പട്ടാളയുഗമായിരുന്നു പാകിസ്ഥാനിൽ. സൈനിക അട്ടിമറിയിലാണ് മുഷ്റഫും വീണത്. തന്റെ മുൻഗാമികളെപ്പോലെ പാകിസ്ഥാൻ സൈന്യത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യത്തിലാണ് ഇമ്രാൻ ഖാനും.