മുംബൈ> മഹാരാഷ്ട്രയില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. ഗുഡിപടവ ദിനമായ ഏപ്രില്‍ രണ്ടുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചെങ്കിലും തിരക്കേറിയ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് മാസ്ക് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായാലും മുന്‍കരുതലായി മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ പറഞ്ഞത്.ചില വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മുഖാവരണം തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ നിലവില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴെയാണ്. പുതിയതായി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.