കൊച്ചി> നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. തെളിവ് നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും ദിലീപ് അവ നശിപ്പിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നും പറഞ്ഞ് ദിലീപ് സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങൾ അറിയിച്ചത്.
ജനുവരി ഇരുപത്തൊമ്പതിനാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. 29നും മുപ്പതിനുമാണ് ഡാറ്റ നശിപ്പിച്ചത്. വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഫോൺ രേഖകളും പ്രതികൾ നശിപ്പിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി കോടതിയെ അറിയിച്ചു. കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ട നാല് ഫോണുകൾ മുംബൈയിലെ ലാബിൽ പരിശോധിച്ചെന്നും കൃത്രിമം നടത്തിയതായി കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ദിലീപ് ഒരു ഫോൺ മറച്ചുവച്ചെന്നും മുബൈയിൽ പരിശോധനയ്ക്കയച്ച ഫോണിനെക്കുറിച്ച് ചോദ്യം ചെയ്യലിൽ പറഞ്ഞില്ലെന്നും ഡിജിപി അറിയിച്ചു. ജനുവരി 30ന് ഒരു ഐ ഫോണിൽനിന്ന് രാമൻപിള്ള അസോസിയറ്റ്സ് നഗരത്തിലെ വൻകിട ഹോട്ടലിലേക്ക് വാട്സാപ് കോൾ വഴി ബന്ധപ്പെട്ടതിന് രേഖകളുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
എല്ലാ തെളിവുകളും കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തേ വെളിപ്പെടുത്തിയില്ലെന്ന് കോടതി ആരാഞ്ഞു. അക്കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നാണ് കോടതി നോക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് പൊലീസ് പുതിയ കേസെടുത്തതെന്ന് ദിലീപ് ആവർത്തിച്ചു. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ വിധി പറയാൻ മാറ്റി.