തിരുവനന്തപുരം> സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. അതത് തദ്ദേശഭരണ സ്ഥാപനം ഇക്കാര്യം ഉറപ്പുവരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ തദ്ദേശഭരണ സ്ഥാപനവും നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശഭരണവകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടർ എന്നിവർക്ക് കമീഷൻ അംഗങ്ങളായ കെ നസീറും ബി ബബിതയും നിർദേശം നൽകി.
നല്ലളത്ത് പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും സ്വന്തമായി സിലബസ് തയ്യാറാക്കുകയാണെന്നും കാണിച്ച് കമീഷന് പരാതി ലഭിച്ചിരുന്നു. ഏതെങ്കിലും നിയമലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമീഷൻ കണ്ടെത്തിയിട്ടില്ല.