കൊച്ചി> രാജ്യത്തെ സിനിമ സ്ഥാപനങ്ങളായ ഫിലിംസ് ഡിവിഷന്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്, ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളെ നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍(എന്‍എഫ്ഡിസി) ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കാനുള്ള തീരുമാനം സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നാല് സ്ഥാപനങ്ങളെ ഭരണസൗകര്യത്തിനു വേണ്ടി ഒരുമിച്ചാക്കുകയല്ല. നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഫിലിംസ് ഡിവിഷന്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് എന്നിവ നമ്മുടെ സിനിമാ പാരമ്പര്യം സൂക്ഷിച്ചു വച്ചിരിക്കുന്ന വലിയ ശേഖരങ്ങളും. ഇവയെ ലാഭത്തിനായി ഉപയോഗിക്കുക എന്നാല്‍ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുക എന്നതാണ് ഫലമെന്നും ബേബി പറഞ്ഞു
ഫിലിംസ് ഡിവിഷന്റെ കയ്യിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഡോക്യുമെന്ററി ദൃശ്യങ്ങള്‍ വിറ്റ് വെട്ടി ഒട്ടിച്ച് ഇന്നത്തെ ഭരണക്കാരുടെ താല്പര്യത്തിനു ചേര്‍ന്ന ചരിത്രം ഉണ്ടാക്കുകയാവും ഫലം. അതുപോലെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആര്‍ക്കൈവ്സും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ ഫലം ഒരു ദുരന്തമായിരിക്കും.
ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയിലും വരാന്‍ പോകുന്ന മാറ്റങ്ങളും ഇത്തരത്തില്‍ തന്നെയായിരിക്കും. ലാഭത്തിനായി പ്രവര്‍ത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങള്‍ അല്ല അവ.സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങള്‍. ആദ്യകാലത്ത് മികച്ച ചില സിനിമകള്‍ നിര്‍മിച്ചു എന്നത് ഒഴിച്ചു നിറുത്തിയാല്‍ ഏറ്റവും വിമര്‍ശനം നേരിട്ട സ്ഥാപനം എന്‍എഫ്ഡിസി ആണ്. എന്നിട്ടും, മറ്റു സ്ഥാപനങ്ങളെ എന്‍എഫ്ഡിസിയില്‍ തന്നെ ലയിപ്പിക്കാനുള്ള തീരുമാനം നിര്‍ദോഷമല്ല. ഇവയെ നശിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടതിന്റെ തെളിവാണത്.
ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനെതിരെസിനിമാരംഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും സിനിമാലോകത്തോടൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .