കൊച്ചി > സുഹൃത്തെന്ന നിലയിൽനിന്ന് അഞ്ച് വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ വളരെ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഞങ്ങൾ ഒരുപാട് പേര് ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോളായിരിക്കും ഭാവന സ്വയം അതിന് തയ്യാറായത്. അങ്ങനെ വരുന്നതാണ്.
മുമ്പ് നല്ലൊരു സുഹൃത്തായിരുന്നു. എന്നാൽ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേള്‍ഡിലുള്ളവര്‍ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവര്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്ന എന്റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ് – പൃഥ്വിരാജ് പറഞ്ഞു.
ഒടിടി തിയറ്ററുകൾക്ക് ഭീഷണിയെന്ന് പറയുന്നതിൽ കാര്യമില്ല. ആരെ വിലക്കിയാലും ഒടിടി നിലനിൽക്കും. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ പ്രതിഭാസം അല്ല ഓൺലൈൻ പ്ലാറ്റ്ഫോം. ഒടിടി ഉള്ളതുകൊണ്ട് തീയറ്റർ വ്യവസായം ഇല്ലാതാകില്ല. തിയറ്ററിൽ കാണേണ്ട സിനിമകൾ ആളുകൾ അവിടെത്തന്നെ കാണും. രണ്ടിടത്തും പ്രദർശിപ്പിക്കുന്ന സിനിമകൾ പ്രത്യേകമായി നിർമിക്കപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു.