കൊച്ചി
പണിമുടക്കിനെയും ട്രേഡ് യൂണിയൻ നേതൃത്വത്തെയും അടച്ചാക്ഷേപിക്കുന്നവർ അറിയണം തൊഴിലാളിസംഘടനകളുടെ പിന്തുണകൊണ്ടുമാത്രം വിജയിച്ച കൊച്ചിയിലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരുടെ ഐതിഹാസിക സമരചരിത്രം.
അർഹമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നേടിയെടുത്തശേഷവും 13 വർഷത്തിനിപ്പുറം തുടരുന്ന നിയമപോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാതെ സിഐടിയു തൊഴിലാളികൾക്കൊപ്പമുണ്ട്.
കേരളത്തിലെ പത്രപ്രവർത്തകരുടെ പോരാട്ടചരിത്രത്തിലെ സമാനതയില്ലാത്ത ഏടാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരുടെ സമരമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എൻ പത്മനാഭൻ (റിട്ട. ന്യൂസ് എഡിറ്റർ, മാധ്യമം) സാക്ഷ്യപ്പെടുത്തുന്നു. 2009 ഏപ്രിലിലാണ് സമരത്തിന്റെ തുടക്കം. ജീവനക്കാരുടെ കരാർവൽക്കരണം, പിരിച്ചുവിടൽ, വ്യവസ്ഥയില്ലാത്ത സ്ഥലംമാറ്റം, ആനുകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളാണ് ഉയർന്നുവന്നത്. മാധ്യമരംഗത്തെ രണ്ട് യൂണിയനുകൾക്കും സമരത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്ന് പത്മനാഭൻ ഓർക്കുന്നു. ഈ ഘട്ടത്തിലാണ് സിഐടിയുവിന്റെ സഹായം തേടിയത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് സിഐടിയുവിൽ അഫിലിയേറ്റ് ചെയ്തു. ഇതോടെ സമരം ശക്തമായി. ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും കലൂരിലെ ഇന്ത്യൻ എക്സ്പ്രസ് ഓഫീസിനുമുന്നിൽ സമരക്കൊടിയുയർത്തി. മൂന്നുവർഷം പ്രത്യക്ഷസമരം നീണ്ടു. ഒരു ഓണത്തിന് സിഐടിയു പ്രവർത്തകർ വീട്ടിൽനിന്ന് സദ്യയുണ്ടാക്കിക്കൊണ്ടുവന്ന് സമരപ്പന്തലിൽ വിളമ്പിയതും പത്മനാഭൻ ഓർക്കുന്നു.
സമരത്തെ തുടർന്ന് മുഴുവൻ തൊഴിലാളികൾക്കും ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാൻ മാനേജ്മെന്റ് നിർബന്ധിതമായി. സ്ഥലംമാറ്റവ്യവസ്ഥകൾ തൊഴിലാളികൾക്കനുകൂലമായി ഭേദഗതി ചെയ്യാനായി. അന്ന് തൊഴിൽമന്ത്രിയായിരുന്ന സിഐടിയു നേതാവുകൂടിയായ പി കെ ഗുരുദാസൻ മുൻകൈയെടുത്തു. എളമരം കരീം ഉൾപ്പെടെ നേതാക്കൾ പലപ്പോഴായി സമരപ്പന്തലിലെത്തി. സിഐടിയു പിന്തുണയില്ലായിരുന്നെങ്കിൽ ഇന്ത്യൻ എക്സ്പ്രസ് പോലൊരു വമ്പൻ മാനേജ്മെന്റിനെതിരായ തൊഴിലാളിസമരം എങ്ങുമെത്താതെ അവസാനിക്കുമായിരുന്നെന്ന് എൻ പത്മനാഭൻ പറഞ്ഞു.