വെല്ലിങ്ടൺ
അവസാന ഓവറിലെ നോബോളിൽ ഇന്ത്യൻ വനിതകൾ തീർന്നു. സെമി ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റ് ലോകകപ്പിൽനിന്ന് മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റണ്ണാണ് നേടിയത്. ദക്ഷിണാഫ്രിക്ക അവസാന പന്തിൽ ജയംകുറിച്ചു. ഇന്ത്യ പുറത്തായതോടെ വെസ്റ്റിൻഡീസ് സെമിയിലേക്ക് മുന്നേറി. ബംഗ്ലാദേശിനെ 100 റണ്ണിന് തോൽപ്പിച്ച് ഇംഗ്ലണ്ടും കയറി.
മുപ്പതിന് നടക്കുന്ന ആദ്യ സെമിയിൽ ഓസ്ട്രേലിയ വെസ്റ്റിൻഡീസിനെയും 31ന് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും.
ജയിച്ചാൽ സെമി ഉറപ്പായിരുന്ന ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്തെടുക്കാനായില്ല. എങ്കിലും അവസാന ഘട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ, 50––ാം ഓവറിലെ നാടകീയരംഗങ്ങൾക്കൊടുവിൽ കളി കെെവിട്ടു.
അവസാന ഓവറിൽ നാല് വിക്കറ്റ് ശേഷിക്കെ ഏഴ് റണ്ണായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യം. അഞ്ച് പന്തിൽ ആറായി. അടുത്ത പന്തിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ തൃഷ ചെട്ടി റണ്ണൗട്ടായതോടെ ഇന്ത്യ ജയം മണത്തു. നാല് പന്തിൽ അഞ്ച്. ഒടുവിൽ രണ്ടുപന്തിൽ മൂന്ന് റൺ വേണ്ടിയിരിക്കെ മിന്യോൺ ഡു പെരെസ് ഉയർത്തിയടിച്ച പന്ത് ഹർമൻപ്രീത് കൗർ കെെയിലൊതുക്കി. ഇന്ത്യ ആഘോഷം തുടങ്ങി. പക്ഷേ, പരിശോധനയിൽ ദീപ്തിയുടെ കാൽ വര കടന്നതായി തെളിഞ്ഞു. നോബോൾ. ലക്ഷ്യം രണ്ട് പന്തിൽ രണ്ട്. ദക്ഷിണാഫ്രിക്ക അനായാസം നേടിയതോടെ ഇന്ത്യ പുറത്തേക്ക് നടന്നു. 45–ാം ഓവറിൽ ഡു പെരെസിന്റെ ക്യാച്ച് സ്-മൃതി മന്ദാന വിട്ടുകളഞ്ഞിരുന്നു. അറുപത്തിമൂന്നു പന്തിൽ 52 റണ്ണുമായി പുറത്താകാതെനിന്ന ഡു പെരെസാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. ലൗറ വൂൾവാർട്ട് (79 പന്തിൽ 80), ലാറ ഗൂഡാൽ (69 പന്തിൽ 49) എന്നിവരും തിളങ്ങി.
ഏകപക്ഷീയമായി നീങ്ങിയ കളിയെ ഹർമൻപ്രീതാണ് ആവേശകരമാക്കിയത്. രണ്ട് വിക്കറ്റെടുത്ത മുപ്പത്തിമൂന്നുകാരി മൂന്ന് റണ്ണൗട്ടുകളിലും പങ്കാളിയായി ഇന്ത്യക്ക് പ്രതീക്ഷ നൽകിയതാണ്. എന്നാൽ, ഹർമൻപ്രീതിന്റെ പോരാട്ടവീര്യം പാഴാകുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങി 57 പന്തിൽ 48 റണ്ണും നേടിയിരുന്നു.
ഷഫാലി വർമ (46 പന്തിൽ 53), സ്-മൃതി മന്ദാന (84 പന്തിൽ 71), ക്യാപ്റ്റൻ മിതാലി രാജ് (84 പന്തിൽ 68) എന്നിവരും ബാറ്റിങ്നിരയിൽ തിളങ്ങി. തകർത്തടിച്ച ഷഫാലി റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അവസാന പത്തോവറിൽ 51 റൺമാത്രമാണ് നേടാനായത്. പരിക്കുകാരണം പേസർ ജൂലൻ ഗോസ്വാമി കളിക്കാനിറങ്ങിയില്ല. മുപ്പത്തൊമ്പത് വയസ്സുള്ള ജൂലന്റെയും മിതാലിയുടെയും ലോകകപ്പിലെ അവസാന അവസരമായിരുന്നു ഇത്. ജൂലന് ലോകകപ്പിൽ ഒരു മത്സരം നഷ്ടമാകുന്നത് ആദ്യം.
പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനവുമായാണ് ഇന്ത്യ മടങ്ങുന്നത്. സ്ഥിരതയില്ലാത്തത് തിരിച്ചടിയായി. ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരായ വൻ തോൽവികളാണ് വഴിയടച്ചത്.