ന്യൂഡൽഹി
നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–- കർഷക–- ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന് തുടക്കം. ഞായർ അർധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അർധരാത്രിവരെ തുടരും. ബിഎംഎസ് ഒഴികെ സംഘടിത–- അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികൾ ഐതിഹാസിക പണിമുടക്കിൽ അണിനിരന്നു. പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി–- തൃണമൂൽ സർക്കാരുകൾ പ്രതിഷേധം അടിച്ചമർത്താൻ എസ്മ പ്രയോഗിക്കുമെന്ന് ഭീഷണിമുഴക്കി.
മോദി അധികാരത്തിലെത്തിയശേഷം ദേശീയതലത്തിൽ ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്. പുതിയ നാല് തൊഴിൽ ചട്ടം പിൻവലിക്കുന്നത് അടക്കം പന്ത്രണ്ടിന ആവശ്യം മുൻനിർത്തിയാണ് പ്രതിഷേധം. കൽക്കരി, ഉരുക്ക്, എണ്ണ–- പ്രകൃതിവാതകം, ടെലികോം, തപാൽ, ഇൻകം ടാക്സ്, ബാങ്ക്, ഇൻഷുറൻസ്, തുറമുഖം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ മേഖലകളിൽ രാത്രി ഷിഫ്റ്റിലുള്ളവർ അർധരാത്രിമുതൽ പണിമുടക്ക് ആരംഭിച്ചു.
റെയിൽവേ–- പ്രതിരോധ മേഖലകളിലെ ജീവനക്കാർ പണിമുടക്കുന്നില്ലെങ്കിലും പിന്തുണ അറിയിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും അണിനിരക്കും. വിവിധ കേന്ദ്രങ്ങളിൽ റെയിൽ–- റോഡ് ഉപരോധം നടക്കും. ട്രേഡ് യൂണിയൻ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യും.
അണിനിരന്ന് കേരളം
സംസ്ഥാനത്ത് പണിമുടക്കിന് തുടക്കംകുറിച്ച് ഞായർ രാത്രി 12ന് നഗരകേന്ദ്രങ്ങളിൽ പ്രകടനം നടത്തി. 22 തൊഴിലാളി സംഘടനയാണ് സംസ്ഥാനത്ത് അണിചേരുന്നത്. സ്വകാര്യ വാഹനം നിരത്തിലിറക്കാതെയും ട്രെയിൻ യാത്ര ഒഴിവാക്കിയും ജനങ്ങൾ സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.
ഞായർ രാത്രി തൊഴിലാളികൾ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. തൊഴിൽകേന്ദ്രങ്ങളിലും തൊഴിലാളികളുടെ വീടുകളിലും ദീപം തെളിച്ചു. തിങ്കൾ രാവിലെ ഒമ്പതിന് അഞ്ഞൂറോളം സമരകേന്ദ്രത്തിൽ പ്രകടനം നടക്കും. തലസ്ഥാനത്ത് പാളയം ട്രിഡ പാർക്ക് ഗ്രൗണ്ടിൽ അയ്യായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കും. പൊതുയോഗം തിങ്കൾ പകൽ 11ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും.
പമ്പുകൾ അടയ്ക്കും
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പമ്പുകൾ അടയ്ക്കണമെന്ന് പെട്രോൾ ട്രേഡേഴ്സ് സമിതി അഭ്യർഥിച്ചു.