തിരുവനന്തപുരം> സിൽവർ ലൈൻ സംബന്ധിച്ച് കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ ആക്ഷേപങ്ങളില് കഴമ്പില്ലെന്നുകണ്ട് ജനം തള്ളിയതോടെ നുണവാർത്ത നൽകി മനോരമയടക്കമുള്ള മാധ്യമങ്ങളുടെ കൈ അയഞ്ഞ ‘സഹായം’. പദ്ധതി നഷ്ടത്തിലാകുമെന്നും പഠനം നടത്താതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നുമുള്ള കോൺഗ്രസ് വാദത്തെ സഹായിക്കാനാണ് പുതിയ പഠന നുണയുമായി മനോരമ എത്തിയത്.
ഡിപിആർ സംബന്ധിച്ച് സുപ്രധാന കാര്യങ്ങളിലൊന്നും റെയിൽവേക്ക് സംശയമില്ല. സാമ്പത്തികം യാത്രക്കാരുടെ എണ്ണം എന്നിവയിൽ ഉണ്ടായിരുന്ന സംശയവും ദൂരീകരിച്ചു. സ്ഥലം ഏറ്റെടുക്കല് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചതോടെ നാട്ടുകാർക്കും കാര്യം മനസ്സിലായി.മതിയായ വില നൽകും, ആരെയും വഴിയാധാരമാക്കില്ല, ബലം പ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കില്ല എന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇതോടെ രാഷ്ട്രീയമായ എതിർപ്പ് മാത്രം ബാക്കി. സ്ഥലം വിട്ടുകൊടുക്കുന്നവരോ നാട്ടുകാരോ കൂടെയില്ലാതായി. എറണാകുളത്ത് ശനിയാഴ്ച നടന്ന റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലെല്ലാം കോൺഗ്രസുകാർമാത്രമായി. ഇതോടെ സമരം പാടെ ദുർബലമായി.
സമരവാർത്തകൾ പെരുപ്പിച്ച് നൽകി വെട്ടിലായ മനോരമയാകട്ടെ നാണക്കേട് മറക്കാൻ വീണ്ടും പച്ച നുണകൾ ഉളുപ്പില്ലാതെ അച്ചടിക്കുകയായിരുന്നു. വരുമാനം കുറയുമെന്നതിനാൽ അത് കൂട്ടാൻ പുതിയ പഠനം നടത്തും, നെടുമ്പാശേരി സ്റ്റേഷൻ ഇല്ലാതാക്കും, സർവേ നടത്തുന്നത് റവന്യു വകുപ്പ് എന്നിങ്ങനെയാണ് തട്ടിവിട്ടത്. അങ്ങനെയൊരു പഠനമില്ലെന്നും ഇതെല്ലാം ദുർവ്യാഖ്യാനങ്ങളാണെന്നും കെ–-റെയിലും സ്ഥിരീകരിച്ചു.