ന്യൂഡൽഹി > എറണാകുളത്ത് ശ്രീശാരദ വിദ്യാലയ അടക്കം 21 പുതിയ സൈനിക് സ്കൂൾ സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. പുതിയ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 100 സൈനിക് സ്കൂൾ സ്വകാര്യപങ്കാളിത്തത്തോടെ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് നിലവിലുള്ള എല്ലാ സൈനിക് സ്കൂളും റസിഡൻഷ്യൽ സംവിധാനത്തിലാണെങ്കിലും പുതുതായി തുടങ്ങുന്നതിൽ 14 ഇടത്ത് മാത്രമാണ് താമസസൗകര്യമുള്ളത്.
പുതിയ സ്കൂളുകളിൽ 12 എണ്ണം ട്രസ്റ്റുകളും സർക്കാരിതര സംഘടനകളും നടത്തുന്നതും ആറെണ്ണം സ്വകാര്യമാനേജ്മെന്റുകളുടെ വകയും മൂന്നെണ്ണം സംസ്ഥാന സർക്കാരുകളുടേതുമാണ്. ആറാം ക്ലാസ് മുതലാണ് പ്രവേശം. ഇക്കൊല്ലം മെയ് ആദ്യവാരം ക്ലാസ് തുടങ്ങും. ഉത്തരവാദിത്തബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാനാണ് ഈ നടപടിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. അതേസമയം കേന്ദ്രസർക്കാർ സാമ്പത്തികബാധ്യത കയ്യൊഴിഞ്ഞതോടെ നിലവിലെ പല സൈനിക്സ്കൂളുകളും പ്രതിസന്ധിയിലാണ്.