തിരുവനന്തപുരം > മാര്‍ച്ച് 28, 29 തീയതികളില്‍ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയന് സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു. തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് മാര്‍ച്ച് 27 അര്‍ദ്ധരാത്രി 12 മണി മുതല്‍ 29 അര്‍ദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക.
വ്യാപാരി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുന:പരിശോധിക്കണം. റിഫൈനറിയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ അത്യാവശ്യ സര്‍വ്വീസുകള്‍ അനുവദിച്ചുകൊണ്ടാണ് പണിമുടക്കുന്നത്. മറ്റ് തൊഴിലാളികള്‍ തൊഴില്‍ തര്‍ക്ക നിയമം(1947) സെഷന് 21-(1) പ്രകാരം നിയമാനുസൃതമാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതികാര നടപടികളില്‍നിന്നും റിഫൈനറി മാനേജ്മെന്റ് പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണ്.
പൊതു പണിമുടക്കില്‍ നിന്നും പാല്, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയന് സമിതിക്കുവേണ്ടി, ആര് ചന്ദ്രശേഖരന് (പ്രസിഡന്റ് ), എളമരം കരീം എംപി (സെക്രട്ടറി), കെ പി രാജേന്ദ്രന് (കണ്‍വീനര്‍) എന്നിവർ അറിയിച്ചു.