തിരുവനന്തപുരം
എൻജിനിയറിങ് കോഴ്സുകൾ കൂടുതൽ നൈപുണ്യവൽക്കരിക്കാനും വ്യവസായ ബന്ധിതമാക്കാനുമായി സാങ്കേതിക സർവകലാശാലയിൽ ‘ബോർഡ് ഓഫ് സ്കിൽസ്’ ആരംഭിക്കാൻ ബോർഡ് ഓഫ് ഗവേണൻസ് അനുമതി. അക്കാദമിക് കൗൺസിലും സിൻഡിക്കറ്റും നൽകിയ ശുപാർശകൾ ഗവേണിങ് ബോഡി അംഗീകരിച്ചു.
ബോർഡ് ഓഫ് സ്റ്റഡീസിന്റെ മാതൃകയിൽ ആരംഭിക്കുന്ന ബോർഡ് ഓഫ് സ്കിൽസിൽ എൻജിനിയറിങ്, സാങ്കേതിക, വ്യവസായ രംഗത്തെ പ്രഗത്ഭരാകും ഉണ്ടാകുക. നൈപുണി പരിശീലനം എല്ലാ എൻജിനിയറിങ് കോഴ്സുകളുടെയും ഭാഗമാക്കുകയാണ് ‘ബോർഡ് ഓഫ് സ്കിൽസി’ന്റെ പ്രധാന കടമ.
ട്വിന്നിങ് പ്രോഗ്രാമുകൾക്ക് അനുമതി
അഫിലിയേറ്റഡ് കോളേജുകളിൽ എൻബിഎ അക്രെഡിറ്റേഷനുള്ള എൻജിനിയറിങ് വിഭാഗങ്ങൾക്ക് വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിങ് പ്രോഗ്രാമുകൾക്ക് അനുമതി നൽകും. ക്യുഎസ് ലോക റാങ്കിങ്ങിൽ 700ൽ ഉൾപ്പെടുന്ന വിദേശ സർവകലാശാലകളുമായാണ് ധാരണപത്രം ഒപ്പുവയ്ക്കുക. ഇതിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും പ്രസിദ്ധീകരിക്കും.
ഗേറ്റ് മോഡൽ
ഓൺലൈൻ പരീക്ഷ
ദേശീയ മത്സര പരീക്ഷയായ ‘ഗേറ്റ്’ മാതൃകയിൽ ഓൺലൈൻ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷകളും ആരംഭിക്കും. ഇതിന് സി–- ഡിറ്റിന്റെ സഹായത്തോടെ സോഫ്റ്റ്വെയർ ഒരുക്കും.