തിരുവനന്തപുരം
നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസല്ലയെ അകാരണമായി വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ച കേന്ദ്രസർക്കാർ നടപടി അനീതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് ഗവേഷക സെമിനാറിൽ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസല്ല എത്തിയത്. ഇന്ത്യയിൽ ഗവേഷണം നടത്താനും സാമൂഹ്യ വിഷയങ്ങൾ പരിശോധിക്കാനും അനുവാദം നൽകുന്ന ഗവേഷക വിസയുണ്ടായിട്ടും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്ന് കേന്ദ്രം വ്യക്തമാക്കണം. മൂന്നു പതിറ്റാണ്ടായി കേരളവുമായി അടുത്ത ബന്ധമുള്ള അദ്ദേഹം നിരവധി തവണ ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രശ്നം ഇപ്പോൾ എന്താണെന്ന് പൊതുസമൂഹത്തോട് കേന്ദ്രം വിശദീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.