പാലെർമോ
സാധ്യതകളിൽ എവിടെയുമുണ്ടായിരുന്നില്ല നോർത്ത് മാസിഡോണിയ. ഇറ്റലി–പോർച്ചുഗൽ പ്ലേ ഓഫ് ഫെെനലിന് കോപ്പുകൂട്ടുകയായിരുന്നു ആരാധകസംഘം. പക്ഷേ, നേരം പുലർന്നപ്പോൾ ചിരിച്ചത് മാസിഡോണിയയാണ്. അടുത്ത വഴിയിൽ പോർച്ചുഗലാണ് മുന്നിൽ. അത്ഭുതങ്ങളിൽ മാസിഡോണിയ വിശ്വസിക്കുന്നു.
ലോറെൻസോ ഇൻസിന്യെയും ജോർജീന്യോയും ബെറാർഡിയും ബാറെല്ലയും വെറാട്ടിയും ഉൾപ്പെട്ട ഇറ്റാലിയൻ നിര എങ്ങനെ തോറ്റുവെന്ന അമ്പരപ്പ് ശേഷിക്കുന്നുവെങ്കിലും മാസിഡോണിയയുടെ കളിമികവ് കാണാതിരിക്കാനാകില്ല. ബെറാർഡിയുടെ ഗോളെന്നുറച്ച ഷോട്ടുകളെ ദിമിത്രിയെവ്സ്കി എന്ന ഗോൾ കീപ്പർ സമർഥമായാണ് തടഞ്ഞത്. അവസാന നിമിഷത്തിലെ ദിമിത്രിയെവ്സ്കിയുടെ ലോങ് ബോളിനും മികവേറെ. ആ നീക്കമാണ് ട്രയ്കോവ്സ്കിയുടെ ഗോളിലേക്ക് വഴിതുറന്നത്. ഇറ്റാലിയൻ ഗോളി ദൊന്നരുമ്മയുടെ പ്രതികരണത്തിന് വേഗം കുറവായിരുന്നു. മറുപടിക്കായുള്ള ഇറ്റാലിയൻ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മാസിഡോണിയ ചരിത്രമെഴുതി.
തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയ 1991ലാണ് രൂപീകരിക്കപ്പെട്ടത്. അതുവരെ സോവിയറ്റ് യൂണിയനുകീഴിലുള്ള യുഗോസ്ലാവിയയുടെ ഭാഗമായിരുന്നു. ഫുട്ബോളിൽ പാരമ്പര്യം ഒന്നുമുണ്ടായില്ല. 2002ലും 2004ലും ഇംഗ്ലണ്ടിനെയും നെതർലൻഡ്സിനെയും സമനിലയിൽ തളച്ചതായിരുന്നു ആകെ ഓർക്കാനുണ്ടായത്. ഗൊരാൻ പാൻഡേവ് ആയിരുന്നു പ്രധാനതാരം. പാൻഡേവ് വിരമിച്ചു. യൂറോയ്ക്ക് യോഗ്യത നേടിയതായിരുന്നു വലിയ നേട്ടം. ഇരുപത്തൊന്ന് ലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. ആറ് വർഷംമുമ്പ് റാങ്കിങ് പട്ടികയിൽ 167–ാംസ്ഥാനത്തായിരുന്നു. പോർച്ചുഗലിനെ വീഴ്ത്താൻ കഴിയുമെന്നാണ് ക്യാപ്റ്റൻ റിസ്തോവ്സ്കിയുടെ പ്രതികരണം.