പാലെർമോ
ആ യാത്ര മാസിഡോണിയ അവസാനിപ്പിച്ചു. യൂറോപ്പ് കീഴടക്കി വന്ന ഇറ്റലിക്ക് ലോകകപ്പിൽ ഒരിക്കൽക്കൂടി കാഴ്ചക്കാരാകാം. തുടർച്ചയായ രണ്ടാംതവണയും യോഗ്യത കാണാതെ പുറത്ത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ അട്ടമറികളിലൊന്നായിരുന്നു പാലെർമോയിൽ സംഭവിച്ചത്. ലോക റാങ്കിങ് പട്ടികയിൽ 67–ാംസ്ഥാനം മാത്രമുള്ള നോർത്ത് മാസിഡോണിയ യൂറോ ചാമ്പ്യൻമാരെ ഒരു ഗോളിന് കശാപ്പ് ചെയ്യുകയായിരുന്നു. 92–ാം മിനിറ്റിൽ അലെക്സാണ്ടർ ട്രയ്കോവ്സ്കിയുടെ ഷോട്ട് ഗോളി ജിയാൻല്യൂജി ദൊന്നുരുമ്മയുടെ മുന്നിൽ കുത്തി വലയിൽ കടന്നപ്പോൾ മാസിഡോണിയ ചരിത്രമെഴുതി. ഇറ്റലി അഗാധമായ ദുഃഖത്തിലേക്ക് വഴുതി.
യൂറോ ജയിച്ചപ്പോൾ റോം ഇനി ഉറങ്ങില്ലെന്നായിരുന്നു ഇറ്റാലിയൻ ആരാധകർ പാടിയത്. പക്ഷേ, കഴിഞ്ഞ രാത്രി ഇറ്റലിയുടെ തലസ്ഥാന നഗരം വീണ്ടും മൗനത്തിലാണ്ടു. ലോകകപ്പ് യോഗ്യതാ യൂറോപ്യൻ പ്ലേ ഓഫ് സെമിയിൽ എത്തുമ്പോൾ അനായാസ ജയമായിരുന്നു റോബർട്ടോ മാൻസീനിയുടെ സംഘത്തിന്റെ ലക്ഷ്യം. പക്ഷേ, ബോക്സിന് പുറത്ത് കോട്ട കെട്ടിയ മാസിഡോണിയക്കാർ വിട്ടുകൊടുത്തില്ല. കഴിഞ്ഞവർഷം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജർമനിയെ ഞെട്ടിച്ച മാസിഡോണിയ ഇറ്റലിക്കെതിരെ രണ്ടും കൽപ്പിച്ചായിരുന്നു. 29ന് പോർച്ചുഗലുമായാണ് പ്ലേ ഓഫ് ഫെെനൽ. ജയിച്ചാൽ ഖത്തറിലേക്ക്.
കളിയിൽ പൂർണ നിയന്ത്രണം ഇറ്റലിക്കായിരുന്നു. 32 തവണയാണ് അവർ ഷോട്ട് പായിച്ചത്. എന്നാൽ ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ചെണ്ണം മാത്രം. നാല് ഷോട്ടുകളായിരുന്നു മാസിഡോണിയ ആകെ തൊടുത്തത്. അതിലൊന്ന് ഗോളുമായി. പന്തടക്കം 34 ശതമാനം മാത്രം.
2018ലായിരുന്നു ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇറ്റലിക്ക് യോഗ്യത നേടാനാകാതെ മടങ്ങിയത്. അത് ദേശീയ ദുരന്തമായിരുന്നു അവർക്ക്. മാൻസീനിക്കുകീഴിലാണ് ജീവൻ വീണ്ടെടുത്തത്. തോൽവിയറിയാതെ നീങ്ങിയ ആ സംഘം കഴിഞ്ഞവർഷം ജൂലെെയിൽ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി യൂറോ കിരീടത്തിൽ മുത്തമിട്ടു. തോൽവിയറിയാതെ 37 മത്സരങ്ങൾ പൂർത്തിയാക്കി. ഇതിനിടെ മറ്റൊരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. തോൽവിയില്ലെങ്കിലും ഇറ്റലിക്ക് പല മത്സരങ്ങളും ജയത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാല് സമനിലകളാണ് വഴങ്ങിയത്. രണ്ട് പെനൽറ്റികൾ പാഴാക്കി. ഇതിൽ ഒന്നാംസ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെതിരെ ജോർജീന്യോ അവസാന നിമിഷം പാഴാക്കിയ പെനൽറ്റി നിർണായകമായി. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് സ്വിസുകാർ ഒന്നാംസ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയത്. ഇറ്റലിക്ക് പ്ലേ ഓഫ് പിടിവള്ളിയിൽ തൂങ്ങേണ്ടിവന്നു.
യൂറോ ചാമ്പ്യൻമാരായശേഷം ലോകകപ്പിന് യോഗ്യത നേടാനാകാതെ മടങ്ങുന്ന നാലാമത്തെ ടീമാണ് ഇറ്റലി. ചെക്കോസ്ലൊവാക്യ (1978), ഡെൻമാർക്ക് (1994), ഗ്രീസ് (2006) ടീമുകളാണ് ഇതിനുമുമ്പ് സമാനരീതിയിൽ മടങ്ങിയത്.