തിരുവനന്തപുരം
അഴിമതിയിലും കെടുകാര്യസ്ഥതയിലും ‘അതിവേഗം ബഹുദൂരം’ നെട്ടോട്ടമോടിയ കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ‘ബുള്ളറ്റ് ട്രെയിൻ’ ബ്രോഷർ കത്തിച്ചു കളഞ്ഞതായി വെളിപ്പെടുത്തൽ. ‘ബുള്ളറ്റ് ട്രെയിൻ നടപ്പാക്കൽ മുഖ്യ പരിഗണന’ എന്ന് പ്രചരിപ്പിക്കാൻ അച്ചടിച്ച ലക്ഷക്കണക്കിന് ബ്രോഷറുകളാണ് 2016ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നശിപ്പിച്ചത്. അതിവേഗ പാതയുടെ മീഡിയാ കോ––ഓർഡിനേറ്റർ ആയിരുന്ന എൻ ഇ മേഘനാഥ് ഫെയ്സ്ബുക്കിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
‘അതിവേഗം ബഹുദൂരം’ എന്ന പരസ്യവാചകത്തോടെ ഉമ്മൻചാണ്ടി സർക്കാർ പ്രധാനമന്ത്രിയിൽനിന്ന് വാങ്ങിച്ചെടുത്ത ആദ്യ ഉറപ്പ് “തിരുവനന്തപുരം -കണ്ണൂർ അതിവേഗ ബുള്ളറ്റ് ട്രെയിൻ’. ഡിപിആർ തയ്യാറാക്കാൻ ഇ -ശ്രീധരനെ ചുമതലപ്പെടുത്തി.
വഴുതക്കാട് “ഹൈ സ്പീഡ് റെയിൽ കോറിഡോർ’ ഓഫീസ് തുടങ്ങി, ടി ബാലകൃഷ്ണനെ എംഡിയാക്കി. ഡിഎംആർസിക്ക് ഇവിടെയും ഇ ശ്രീധരന് കൊച്ചിയിലും ഓഫീസുമൊരുക്കി. 1.25 ലക്ഷം കോടിയുടെ പദ്ധതിക്ക് വായ്പയ്ക്കായി ജൈക്ക, ഫ്രഞ്ച് സർക്കാർ എന്നിവരുമായി ചർച്ച. സർവേ പൂർത്തിയാക്കി, അതിരു കല്ലുകളിട്ടു. കാസർകോട്ടുകാർ പരാതിപ്പെട്ടപ്പോൾ മംഗലാപുരത്തേക്ക് നീട്ടാമെന്നായി. ഈരാറ്റുപേട്ടയിൽ പള്ളിക്ക് അടിയിലൂടെ പോകുന്ന പദ്ധതിക്കെതിരെ അച്ചന്മാർ രംഗത്തിറങ്ങി. മലപ്പുറത്ത് സോളിഡാരിറ്റിക്കായിരുന്നു എതിർപ്പ്. ആശങ്കയകറ്റാൻ ലഘുലേഖ തയ്യാറാക്കി അതിവേഗ റെയിൽ ഓഫീസിൽ സൂക്ഷിച്ചു; ആറുമാസം വിതരണംചെയ്തില്ല.
തെരഞ്ഞെടുപ്പിൽ തിരികെ അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന ബുള്ളറ്റ് ട്രെയിൻ ആയിരിക്കുമെന്ന് ഉറപ്പിച്ച യുഡിഎഫ് എട്ടുനിലയിൽ പൊട്ടിയതോടെ ബ്രോഷറുകളൊന്നടങ്കം കത്തിച്ചു. ഇത്രയും കാര്യം നേരിട്ട് അറിയാം. പദ്ധതി ഉപേക്ഷിച്ചിരുന്നു എന്ന യുഡിഎഫ് വാദം പച്ചക്കള്ളമാണ്. തുടങ്ങിയ ഓഫീസുകൾ പൂട്ടാൻ ഉത്തരവുമിറക്കിയിട്ടില്ല. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രഥമ പരിഗണനാ പദ്ധതിയായിരുന്നു ബുള്ളറ്റ് ട്രെയിനെന്നും മേഘനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കെ റെയിൽ വിരുദ്ധ കുറ്റിപിഴുതെറിയൽ സമരാഭാസം വെറും രാഷ്ട്രീയ പ്രേരിതമാണെന്നും ഈ പദ്ധതിയെങ്ങാനും യാഥാർഥ്യമായാൽ യുഡിഎഫിന്റെ ‘കച്ചവടം പൂട്ടു’മെന്നും അദ്ദേഹം വ്യക്തമാക്കി.