തിരുവനന്തപുരം
യുഡിഎഫ്–- ബിജെപി അക്രമസമരം തുടരുന്ന സാഹചര്യത്തിൽ സിൽവർ ലൈൻ സാമൂഹ്യാഘാത പഠനം വൈകിയേക്കും. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച ചിലയിടങ്ങളിൽ സ്ഥലം അളക്കലും കല്ലിടലും താൽക്കാലികമായി മുടങ്ങിയതായി കെ–-റെയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. സർവേ നടത്തുന്ന കരാറുകാർ ജോലിയിൽനിന്ന് വിട്ടുനിന്നതിനെ തുടർന്നാണിത്. സർവേ ഔദ്യോഗികമായി നിർത്തിവച്ചിട്ടില്ലെങ്കിലും സമരാഭാസങ്ങൾ പദ്ധതി വൈകുന്നതിനിടയാക്കും.
യുഡിഎഫ്, ബിജെപി, ജമാ അത്തെ ഇസ്ലാമി സഖ്യം സംഘടിതമായി കല്ല് പിഴുതും അവ വലിച്ചെറിഞ്ഞുമാണ് പലഭാഗത്തും സമരം നടത്തുന്നത്. കെ–-റെയിൽ ഉദ്യോഗസ്ഥരെ കൂടാതെ റവന്യു ഉദ്യോഗസ്ഥരും കരാർ ജീവനക്കാരുമാണ് സർവേ നടത്താനെത്തുന്നത്. പലയിടത്തും സർവേയ്ക്കെത്തിയ വാഹനങ്ങൾ സമരക്കാർ തടഞ്ഞുവച്ച് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ചിലയിടങ്ങളിൽ ജീവനക്കാർക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. ചെങ്ങന്നൂരിൽ മണ്ണെണ്ണ നിറച്ച കുപ്പി പൊലീസിന് നേരെ എറിഞ്ഞു, ചിലരുടെ ദേഹത്ത് ഒഴിച്ചു. സമര കേന്ദ്രങ്ങൾക്കടുത്തുനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
വലിയ പ്രകോപനങ്ങൾ ഉണ്ടാക്കിയെങ്കിലും പൊലീസ് സംയമനം പാലിച്ചതോടെയാണ് ലാത്തിചാർജുൾപ്പെടെ പലയിടത്തും ഒഴിവായത്. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യംചെയ്യാനോ ബലംപ്രയോഗിച്ച് നേരിടാനോ തയ്യാറല്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്നമുണ്ടാക്കാനോ പൊലീസിന്റെയടക്കം സർക്കാർ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാനോ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. കരാർ പ്രവർത്തനം സുഗമമായി നടത്താൻ അവസരമുണ്ടാക്കണമെന്ന് ഏജൻസികൾ കെ–- റെയിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സർവേ തുടരും: മന്ത്രി കെ രാജൻ
സിൽവർ ലൈൻ സർവേ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. പ്രാദേശികമായി എവിടെയെങ്കിലും നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് പരിഹരിക്കും. സർവേ നിർത്താൻ തീരുമാനിച്ചിട്ടില്ല. സർവേ നടത്തി സാമൂഹ്യാഘാതപഠനം നടത്തുകയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. അത് തുടരുകതന്നെ ചെയ്യും–- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.