കൊല്‍ക്കത്ത> ബംഗാളിലെ ഭിര്‍ഭൂം ജില്ലയില്‍ നടന്ന കൂട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ലഭ്യമായ എല്ലാ വിവരവും സിബിഐക്ക് കൈമാറണമെന്നും കേസില്‍ നിര്‍ണായക പുരോഗതിയുണ്ടാകണമെന്നും സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറരുതെന്ന മമത സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് കോടതി വിധി.
സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി ഇടപെടുന്നത്.
ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് മേഖലയിലെ പ്രമുഖ നേതാവായിരുന്നു. വൈകുന്നേരം ചായക്കടയിലിരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്റെ ജീവന് രക്ഷിക്കാനായില്ല.