ആംസ്റ്റഡാം> മനുഷ്യ രക്തത്തില് പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന കണ്ടെത്തലുമായി ഡച്ച് ഗവേഷകര്. പരിശോധന നടത്തിയ 77 ശതമാനം പേരുടെ സാമ്പിളിലും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി ഗവേഷകര് കണ്ടെത്തി. പോളി എത്തിലീന് ടെറാഫ്ത്താലേറ്റിന്റെ അംശമാണ് പ്രധാനമായും മനുഷ്യരക്തത്തില് കണ്ടെത്തിയത്. വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ പൊതിയാനുപയോഗിക്കുന്നതാണ് എത്തിലീന് ടെറാഫ്ത്താലേറ്റ്. വായുവിലൂടെയും ഒപ്പം ഭക്ഷണം, ജലം എന്നിങ്ങനേയും പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നുണ്ടെന്ന് ഗവേഷകരില് ഒരാള് ബ്രിട്ടീഷ് മാധ്യമമായ ‘ ദ ഇന്ഡിപ്പെന്റ്’ നോട് വ്യക്തമാക്കി
‘വലിയ അളവില് മനുഷ്യശരീരം പ്ലാസ്റ്റിക് അകത്താക്കുന്നുവെന്നതിന് തെളിവാണ് രക്തത്തില് ഇവയുടെ അംശമുണ്ടെന്നുള്ളത്. ഗുരുതര ഭീഷണിയാണിത്’-നെതര്ലന്റിലെ അംസ്റ്റഡാമിലുള്ള വ്റിജി സര്വകലാശാലയിലെ ഇക്കോ ടോക്സിക്കോളജി, വാട്ടര് ക്വാളിറ്റി ആന്റ് ഹെല്ത്തിലെ പ്രൊഫസറായ ഡിക്ക് വെത്താക് പറഞ്ഞു.
5 തരം പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമാണ് പരിശോധിച്ചത്. 22 പേരിലാണ് പരിശോധന നടത്തിയത്. 22 ല് 17 പേരുടേയും രക്തത്തില് വലിയ അളവില് പ്ലാസ്റ്റിക് കണ്ടെത്തുകയായിരുന്നു. പോളിസ്റ്റെറീന് പ്ലാസ്റ്റിക്കാണ് അളവില് രക്തത്തില് രണ്ടാമതായുള്ളത്. വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനാണ് ഇത് കൂടുതലായി ഉപയോഗിക്കുക. പോളി എത്തിലീന്റെ അംശവും കണ്ടെത്തി.