ആലക്കോട്> വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ് വർഗീയ സംഘടനകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ‘മതം–- – വിശ്വാസം–- – വർഗീയത’ വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിന് വിശ്വാസത്തെ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗൗരവമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. വളഞ്ഞവഴിയിൽ അധികാരത്തിലെത്താൻ മതത്തെ ഉപയോഗിക്കുകയാണ്. ഇന്ത്യയിൽ വർഗീയതയുടെ വിത്തുപാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. നാട്ടുരാജ്യങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലും ശത്രുതയുണ്ടാക്കാൻ വർഗീയത ഉപയോഗിച്ചു. മലബാർ സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടൻ വിളിച്ചത്. അത് ഇന്ന് ആർഎസ്എസ് ഏറ്റുവിളിക്കുന്നു.
പച്ചയായി വർഗീയത പറയാൻ ഒരു മടിയുമില്ലാത്തവരായി ഒരുകൂട്ടം ആളുകളുണ്ട്. ആർഎസ്എസിന് ഒപ്പം സൗഹൃദ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും. ആർഎസ്എസും ഇസ്ലാമിക വർഗീയതക്കാരും കെ റെയിൽ വിഷയത്തിൽ കൈകോർക്കുന്നതും സൗഹൃദം കൊണ്ടാണ്.
ഭരണം ഇന്ത്യാവിരുദ്ധരുടെ കൈകളിലെത്തിയപ്പോൾ മതനിരപേക്ഷത വലിയ വെല്ലുവിളി നേരിടുന്നു. ഇതിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. കോൺഗ്രസിന് മതനിരപേക്ഷതയുടെ കൊടിയുയർത്താനാവുന്നില്ല. മേഘാലയയിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണിയാണ്. ബിജെപി നയിക്കുന്ന എൻഡിഎയിലെ മുന്നണിയായി നാളെ കോൺഗ്രസ് മാറിയാലും അതിശയമില്ല. രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പകുതി കോൺഗ്രസ് നേതാക്കൾ ബിജെപി മനസ്സുള്ളവരാണെന്നും സ്വരാജ് പറഞ്ഞു.