കോഴിക്കോട് > ബിജെപി യെ മാറ്റി ഭരണത്തിലേറാൻ കൃത്യമായ നയവും നിലപാടും വേണമെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ്. ബദൽ നയമില്ലാതെ ബദൽ ഭരണം സാധ്യമല്ലെന്നാണ് ലീഗിന്റെ ഓർമ്മപ്പെടുത്തൽ. സംസ്ഥാന പ്രവർതക സമിതി അംഗം കെ എൻ എ ഖാദർ സുപ്രഭാതത്തിലെഴുതിയ ലേഖനത്തിലാണ് നയമാണ് പ്രധാനമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ജനാധിപത്യ – മതനിരപേക്ഷ മുന്നണിക്കേ ബിജെപിയെ നീക്കി അധികാരത്തിലെത്താനാകൂ. അതിന് പരിചയ സമ്പത്തും വിവേകവുമുള്ള നേതൃത്വം വേണം. ലീഗ് നിലപാടിന്റെ സൂചനയായി ഖാദർ എടുത്ത് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയുടെ പശ്ചാതലത്തിൽ ലേഖനത്തിന് വലിയ പ്രസക്തിയുണ്ട്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിലടക്കം ലീഗിൽ അതൃപ്തി ശക്തമാണ്. ലീഗിനകത്ത് വളരുന്ന കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ ഭാഗമാണ് ഈ പരസ്യനിലപാട് പറച്ചിൽ. യുഡിഎഫ് രാഷ്ട്രീയത്തിലും ലീഗ് പ്രഖ്യാപനം ചലനം സൃഷ്ടിക്കും.
“തെരഞ്ഞെടുപ്പിന്റെ തലേന്നാൾ തട്ടിക്കൂട്ടിയുണ്ടാക്കുന്ന മുന്നണിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാക്കില്ലെന്ന പരാമർശത്തിലാണ് ലേഖനത്തിന്റെ തുടക്കം. കൃത്യമായ നയവും പരിപാടിയും വേണം. അല്ലാതെ നിലവിലുള്ള ഭരണത്തിന്റെ തനിയാവർതനം നടത്തിയിട്ട് കാര്യമില്ല. ഭരണത്തിലുള്ള കക്ഷികളേക്കാൾ മികച്ചതാകണം. പ്രഖ്യാപിച്ച നയവും പരിപാടിയും നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം …. ബദൽ നയമില്ലാതെ ബദൽ ഭരണമുണ്ടാവില്ല എന്ന ശീർഷകത്തിച്ചള്ള ലേഖനത്തിൽ പറയുന്നു.