ന്യൂഡല്‍ഹി> നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി അട്ടിമറിക്കാന്‍ ഒരു മറയുമില്ലാതെ പ്രതിപക്ഷം രംഗത്തിറങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജ പ്രചാരണമാണ് നടത്തുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു രംഗത്തിറക്കുകയാണ്. ചിലരെ ശട്ടം കെട്ടി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിനായി വിചിത്ര സഖ്യം തന്നെ രൂപം കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ നേരായ കാര്യങ്ങള്‍ നാടിനെ അറിയിക്കാന്‍ ബാധ്യതപ്പെട്ട ഏതാനും മാധ്യമങ്ങള്‍ അതിന് കൂട്ട് നില്ക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണവും അമിതവുമായ പ്രാധാന്യവും നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇത്തരം മാധ്യമങ്ങള്‍ പങ്കു വഹിക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് പുതുമയല്ല. ഇത്തരം ആക്രമണങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ച് ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു ശരിയായനില സ്വീകരിച്ചിട്ടുണ്ട്. എന്നാലും അഭ്യര്‍ഥിക്കുകയാണ്, അര്‍ദ്ധ സത്യങ്ങളും അതിശയോക്തി നിറഞ്ഞതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട് നല്ലതിനോ എന്ന് സ്വയം പരിശോധിക്കാന്‍ അത്തരം മാധ്യമങ്ങള്‍ തയ്യാറാവണം.
സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അത് ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഈ തലമുറയ്ക്ക് മാത്രമുള്ളതല്ല വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും ഇതാവശ്യമാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണത്. രാഷ്ട്രീയമായ പേടിയോ സ്വാര്‍ത്ഥ-സങ്കുചിത വിചാരങ്ങളോ കൊണ്ട് നാടിന്റെ പുരോഗതിക്ക് തടയിടരുതെന്നു മാത്രമാണ് ഇത്തരം ശക്തികളോട് ഓര്‍മ്മിപ്പിക്കാനുള്ളത്.
വികസനം നടപ്പിലാക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് പ്രധാന കടമയായാണ് സര്‍ക്കാര്‍ കാണുന്നത്. അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. വികസനവും, പുനരധിവാസം ഉറപ്പുവരുത്തി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താല്പര്യത്തോടുകൂടി ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുന്ന വികസന വിരുദ്ധ സഖ്യത്തെ തുറന്നു കാട്ടിത്തന്നെ മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി