കൊൽക്കത്ത
ബംഗാളിൽ രാംമ്പൂർഹട്ടിൽ തൃണമൂൽ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സന്ദർശിച്ചു. ബുധൻ രാവിലെ രാംമ്പൂർഹട്ടിലെത്തിയ അദ്ദേഹത്തെ അക്രമമുണ്ടായ ഗ്രാമത്തിലേക്ക് പോകുന്നത് പൊലീസ് വിലക്കി. ഇത് അവഗണിച്ച് അദ്ദേഹം ഗ്രാമത്തിലെത്തി. കേന്ദ്രകമ്മിറ്റിയംഗം രാമചന്ദ്ര ഡോമും ഒപ്പമുണ്ടായിരുന്നു.
അക്രമമുണ്ടാകുമെന്ന് അറിവുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു. തങ്ങളെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. പൊതുമുതൽ കൊള്ളയടിക്കാനും അധികാരം പങ്കുവയ്ക്കുന്നതിനുമായി തൃണമൂലിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം സംസ്ഥാനത്തൊട്ടാകെ കൊലപാതകത്തിനും അക്രമത്തിനുമിടയാക്കിയെന്ന് സലിം പറഞ്ഞു.
ബിമൻ ബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി പ്രതിനിധി സംഘവും സംഭവസ്ഥലം സന്ദർശിച്ചു. കൊലപാതകത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനം നടത്തി. തൃണമൂൽ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പു തമ്മിലുള്ള പോരാണ് സ്ത്രീകളും കുട്ടികളുമടക്കം പത്തു പേരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയത്.