മെൽബൺ: മെൽബണിലെ ആദ്യകാല മലയാളി കൂട്ടായ്‌മയായ വിക്റ്റോറിയ മലയാളി സീനിയേഴ്‌സ് അസോസിയേഷൻറെ (VMSA) ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകനായ തിരുവല്ലം ഭാസിക്ക് സ്വീകരണം നൽകി.
ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയിലെ പ്രധാന വിദ്യാഭ്യാസ ഗ്രൂപ്പായ MWT ഗ്ലോബൽ സ്‌കിൽ അക്കാദമിയുടെയും സഹോദര സ്ഥാപനങ്ങളായ IHM, IHNA കോളേജുകളുടെയും മീഡിയ അഡ്വൈസർ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച ഹോം ആൻഡ് എവെ പ്രോഗ്രാമിൽ വച്ച് സ്വീകരണം നൽകിയത്. VMSA കോർഡിനേറ്റർമാരായ സാം ജോസഫ്, ഹിറ്റ്ലർ ഡേവിഡ് എന്നിവർ ചേർന്ന് പൊന്നാട നൽകി.
മാധ്യമ പ്രവർത്തനത്തിൽ 35 വർഷം പിന്നിടുന്ന തിരുവല്ലം ഭാസി വിക്ടോറിയ സീനിയേഴ്സ് മലയാളി അസോസിയേഷൻ രൂപീകരിക്കുന്നത് മുതൽ പൂർണ്ണ സഹകരണം നൽകുകയും അസോസിയേഷൻറെ എല്ലാ വാർത്തകളും ഇന്ത്യൻ സ്റ്റുഡന്റ് എന്ന ഇംഗ്ലീഷ് മാഗസീനിലും ഇന്ത്യൻ മലയാളി എന്ന മലയാള മാഗസീനിലും വളരെ പ്രാധാന്യം നൽകി പ്രസിദ്ധികരിച്ചിരുന്നതായി ആശംസയർപ്പിച്ചു സംസാരിച്ച സാം ജോസഫ് അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ ഭൂരിപക്ഷം മലയാളി നഴ്‌സുമാർക്കും വഴികാട്ടിയായ MWT യുടെ മാധ്യമ ചുമതല വഹിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്നും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്നും സാം ജോസഫ് കൂട്ടിച്ചേർത്തു.